
ദില്ലി:മുൻ ഡി.ജി.പി. ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം നീളുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ എത്ര തവണ സമയം നൽകിയെന്ന് കോടതി ചോദിച്ചു. കേസിലെ നിർണായകമായ രേഖ കണ്ടെത്താൻ സമയം നീട്ടി നൽകണമെന്നായിരുന്നു കഴിഞ്ഞ രണ്ടു തവണയും കോടതിയിൽ സംസ്ഥാനം ആവശ്യപ്പെട്ടത്. അന്വേഷണം നീളുന്നതിൽ ഉത്തരവിൽ അതൃപതി രേഖപ്പെടുത്തിയ കോടതി കേസിൽ അന്വേഷണം ഏപ്രിൽ 19ന് നകം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. രഹസ്യരേഖയായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ഹരേൻ പി. റാവലും സ്റ്റാൻഡിങ് കൗണ്‍സിൽ ഹർഷദ് വി. ഹമീദും ഹാജരായി. കൂറെ നാളുകളായി പോലീസ് അന്വേഷണം നടത്തുകയാണെന്നൂം ഒന്നും കണ്ടത്താനായില്ലെന്നും ജേക്കബ് തോമസിന് വേണ്ടി ഹാജരായ അഭിഭാഷകൻ എ. കാർത്തിക് കോടതിയിൽ പറഞ്ഞു