
ദില്ലി: കീം റാങ്ക് പട്ടിക പുന:ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസയക്കാതെ സുപ്രീംകോടതി. ഹർജി നൽകിയ കേരള സിലബസ് വിദ്യാർഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർക്കാർ അപ്പീൽ നൽകുമോയെന്നും കോടതി ചോദിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമർശം. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരായത്.
കേരള സർക്കാർ നയത്തിലല്ല, കൊണ്ടുവന്ന രീതിയാണ് പ്രശ്നമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയാണ് കേരള സിലബസിലുള്ള വിദ്യാർത്ഥികൾ നേരിട്ടതെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. പരീക്ഷാഫലത്തിന് ഒരു മണിക്കൂർ മുമ്പാണ് മാറ്റം വരുത്തിയതെന്നും ഹർജിക്കാർ അറിയിച്ചു. സർക്കാർ അപ്പീൽ നൽകുമോ എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. പ്രവേശന പരീക്ഷകളെ ബാധിക്കുന്ന തരത്തിൽ നിലപാടെടുക്കാതിരുന്ന കോടതി കേരളത്തിന്റെ നിലപാട് സ്റ്റാൻഡിംഗ് കൗൺസലിനോട് ചോദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.