
ദില്ലി: ജഡ്ജിമാർക്കെതിരായ പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സാവകാശം നൽകി സുപ്രീംകോടതി. രണ്ട് ദിവസത്തെ സമയം അനുവദിച്ച കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചേക്കും. അതേ സമയം നിലപാടിൽ മാറ്റമില്ലെന്നും കോടതിയുടെ ഔദാര്യം വേണ്ടെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. തന്‍റെ പ്രസ്താവന തിരുത്താൻ തയ്യാറാണോ എന്ന് പ്രശാന്ത് ഭൂഷണോട് കോടതി ചോദിച്ചു. എന്നാൽ പ്രസ്താവനയിൽ മാറ്റമില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ മറുപടി. തുടര്‍ന്ന് നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് അരുൺമിശ്രയും അറിയിച്ചു.
അതേ സമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിമാർ തന്നെ കോടതിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. അങ്ങനെ സംസാരിച്ച ജഡ്ജിമാരുടെ പട്ടിക തന്റെ പക്കലുണ്ടെന്നും സുപ്രീംകോടതിയിലെ ജനാധിപത്യമില്ലായ്മയെയും ജുഡീഷ്യറിയിലെ അഴിമതിയെയും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
എന്നാൽ ആരെയും ശിക്ഷിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അരുൺമിശ്ര കുറ്റം ചെയ്തവർ അത് സമ്മതിക്കണമെന്നും വ്യക്തമാക്കി. സ്വന്തം തെറ്റ് തിരിച്ചറിയാൻ അദ്ദേഹം തയ്യാറാകുന്നില്ല. ലക്ഷ്മണ രേഖ തിരിച്ചറിയണം. പ്രശാന്ത് ഭൂഷൺ ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുത് എന്ന അറ്റോർണി ജനറലിന്റെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതി നടപടിക്കെതിരെ മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്, ഇന്ദിരാ ജയ്സിംഗ് ഉൾപ്പടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പടെയുള്ളവരുടെ പ്രതികരണങ്ങൾ ഇവിടെ പറയേണ്ടെന്ന് ജസ്റ്റിസ് മിശ്ര ആവശ്യപ്പെട്ടു. അതിനുള്ള മറുപടി ക്ഷണിച്ചുവരുത്തേണ്ട എന്നും താക്കീത് നൽകി.
അതേ സമയം യാതൊരു തെളിവും മുന്നോട്ടുവെക്കാതെ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിൽ ദുഖമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. കോടതിയുടെ തീരുമാനം എന്നത് ഞെട്ടിച്ചു. എന്നാൽ മാപ്പു പറയില്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. കോടതി എന്ത് ശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കും. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വിമർശനങ്ങൾ ഉണ്ടാകണം. ട്വിറ്ററിൽ നടത്തിയ പരാമർശങ്ങൾ അതിനുവേണ്ടിയുള്ള ശ്രമമാണെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam