
ദില്ലി: പെഗാസസ് (Pegasus) ഫോണ്‍ നിരീക്ഷണത്തിൽ നാളെ സുപ്രീംകോടതി (supreme court) വിധി. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമൊക്കെ നൽകിയ ഹര്‍ജികളിലാണ് നാളെ സുപ്രീംകോടതി അന്വേഷണ സംവിധാനം പ്രഖ്യാപിക്കുക. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേൽനോട്ടത്തിൽ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയേക്കും. അന്വേഷണത്തിനായി ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് എൻ വി രമണ സൂചന നൽകിയിരുന്നു. വിദഗ്ധ സമിതി അംഗങ്ങളെ തീരുമാനിച്ച ശേഷം കേസിൽ വിധി പറയാമെന്നാണ് അന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണ സംവിധാനത്തിന് തന്നെയാണ് സാധ്യത.
ഇസ്രായേൽ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകൾ നിരീക്ഷിച്ചോ എന്നതിൽ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നൽകിയില്ല. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നതിൽ വ്യക്തത നൽകാനും കേന്ദ്രം തയ്യാറായില്ല. പെഗാസസ് കെട്ടുകഥയെന്നും, സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ അനുവദിച്ചാൽ തെറ്റിദ്ധാരണകൾ മാറ്റാം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അത് തള്ളിയാണ് അന്വേഷണത്തിനുള്ള വിദഗ്ധസമിതി സുപ്രീംകോടതി തന്നെ പ്രഖ്യാപിക്കുന്നത്. സുപ്രീംകോടതി നിയോഗിക്കുന്ന സമിതിക്ക് മുമ്പാകെ കേന്ദ്ര സര്‍ക്കാരിന് വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരും. അതല്ലെങ്കിൽ അതിനായി കോടതി ഉത്തരവിറക്കാനും സാധ്യതയുണ്ട്. പെഗാസസിൽ ചര്‍ച്ചയാവശ്യപ്പെട്ട് കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ഏതാണ്ട് എല്ലാ ദിനങ്ങളും പ്രക്ഷുബ്ധമായിരുന്നു. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന അന്വേഷണ സംവിധാനത്തോടെ പെഗാസസ് ചര്‍ച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam