പെരിയ ഇരട്ടകൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

By Web TeamFirst Published Nov 3, 2020, 1:54 PM IST
Highlights

പെരിയ ഇരട്ട കൊലപാതക കേസ് കേരള ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. അത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ദില്ലി: പെരിയ ഇരട്ടകൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. സിബിഐ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. ദീപാവലി അവധിക്ക് ശേഷമാകും ഇനി കേസ് പരിഗണിക്കുക എന്ന് ജസ്റ്റിസ് എൽ നാഗേശ്വര്‍ റാവു അറിയിച്ചു. അതുവരെ കേരള ഹൈക്കോടതിയിലെ കോടതി അലക്ഷ്യ ഹര്‍ജിയിൽ നടപടി ഉണ്ടാകരുതെന്ന് സര്‍ക്കാരിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 

അക്കാര്യം ഹൈക്കോടതി തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് വേണ്ടി ഹാജരായ വി ഗിരി അറിയിച്ചു. സിബിഐക്ക് വേണ്ടി കേസിൽ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയായിരുന്നു. തുഷാര്‍മേത്ത മറ്റൊരു കേസിൽ ഹാജരാകുന്ന സാഹചര്യത്തിലാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.  

പെരിയ ഇരട്ട കൊലപാതക കേസ് കേരള ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. അത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണത്തോട് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറുന്നില്ലെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

click me!