രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാവില്ല: നിര്‍ഭയ കേസ് കുറ്റവാളിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

By Web TeamFirst Published Jan 29, 2020, 10:54 AM IST
Highlights

രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം ജയിലിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നടക്കമുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വാദങ്ങളും കോടതി തള്ളി

ദില്ലി: കാരണം വിശദീകരിക്കാതെയാണ് തന്റെ ദയാഹര്‍ജി തള്ളിയതെന്ന് ആരോപിച്ച് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയിൽ സമ‍ര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തിൽ ദയാഹര്‍ജി പരിഗണിച്ചതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം ജയിലിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നടക്കമുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വാദങ്ങളും കോടതി തള്ളി.

ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാൻ പരിമിതമായ അധികാരമേ ഉള്ളു എന്ന് ഇന്നലെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ദയാഹർജി പരിഗണിച്ചതിലെ നടപടിക്രമങ്ങൾ മാത്രമേ പരിശോധിക്കൂവെന്നും കോടതി അറിയിച്ചിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. 

ഫെബ്രുവരി 1-ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാർ സിംഗ് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി. നേരത്തെ വിനയ് ശർമയുടേയും മുകേഷ് സിംഗിന്റെയും തിരുത്തൽ ഹർജികൾ കോടതി തള്ളിയിരുന്നു.

താനടക്കം ജയിലിൽ വച്ച് ലൈംഗികമായി പീ‍ഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നു. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുകേഷ് സിംഗും സഹോദരൻ രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു. എന്നാൽ മുകേഷ് സിംഗ് ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നും അതിനുള്ള ചികിത്സ ജയിലിൽ നടന്നുവെന്നതും ദയാഹർജിക്ക് കാരണമല്ലെന്ന് സോളിസിറ്റർ ജനറൽ മറുവാദത്തിൽ പറഞ്ഞു.

ഹർജികൾ നൽകുന്നത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനല്ലെന്ന് മുകേഷ് സിംഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശ് വിശദീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി തുഷാർ മേത്തയാണ് വാദിച്ചത്. രാഷ്ട്രപതി പരിശോധിച്ച ശേഖകളുടെ വിശദാംശങ്ങൾ സോളിസിറ്റർ ജനറൽ കോടതിയിൽ നൽകി.

മുകേഷ് സിംഗിന് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന പരാതികൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സ്ഥലങ്ങളിൽ ഉന്നയിക്കണമെന്ന് മേത്ത പറഞ്ഞു. മുകേഷ് സിംഗിന്റെ സഹോദരൻ രാംസിംഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നിർഭയ പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിന് തീഹാർ അധികൃതർ പ്രേരിപ്പിച്ചെന്നും അഭിഭാഷക കുറ്റപ്പെടുത്തി. മുകേഷ് സിംഗിനോട് അക്ഷയ് ഠാക്കൂറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി മർദ്ദിച്ചുവെന്ന് അഭിഭാഷക അഞ്ജന പ്രകാശ് വിശദീകരിച്ച. കേസിൽ കോടതി നാളെ വിധി പറയും.

click me!