വൈത്തിരി വെടിവെപ്പ്; ഏറ്റുമുട്ടല്‍ കൊലകളിൽ പാലിക്കേണ്ട നിർദേശം അന്വേഷണത്തില്‍ പാലിക്കപ്പെടുന്നില്ല

By Web TeamFirst Published Mar 10, 2019, 6:44 AM IST
Highlights

വൈത്തിരി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിന് നേരെ വെടിവച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും മാവോയിസ്റ്റുകള്‍ക്കെതിരെയാണ് കേസ്. പൊലീസിനെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന് ആരോപണം

വൈത്തിരി: ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ വൈത്തിരി സംഭവത്തില്‍ പാലിക്കപ്പെടുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകള്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

1995 നും 1997 നുമിടയില്‍ നടന്ന ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് 135 പേരെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ പിയുസിഎല്‍ എന്ന മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ആര്‍എം ലോധ, റോഹിന്‍ടന്‍ നരിമാന്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ച് 16 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ രണ്ടാമതായാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിനെ കുറിച്ച് പറയുന്നത്. 

ഏറ്റുമട്ടലില്‍ മരണം സംഭവിച്ചെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേകം അന്വേഷിക്കണമെന്നാണ് വ്യവസ്ഥ. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും അയക്കണം. എന്നാല്‍ വൈത്തിരി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിന് നേരെ വെടിവച്ചതിനും റിസോര്‍ട്ട് ഉടമയുടെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും മാവോയിസ്റ്റുകള്‍ക്കെതിരെയാണ് കേസ്. പൊലീസിനെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

പ്രത്യാക്രമണത്തിന് കഴിയാത്ത പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കണം. രാത്രി മാവോയിസ്റ്റ് ജലീലിന് വെടിയേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെ മരണം സ്ഥിരീകരിച്ചു. ഈ സമയത്തിനുള്ളില്‍ വൈദ്യ സഹായം ലഭ്യമാക്കാത്തതിനെ ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നു. മരണം സ്ഥിരീകരിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നതും പ്രധാന നിര്‍ദ്ദേശമാണ്.ഈയാവശ്യമുന്നയിച്ച് ജലീലിന്‍റെ ബന്ധുക്കള്‍ വയനാട് ജില്ലകളക്ടര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. നേരത്തെ നടന്ന നിലമ്പൂര്‍ ഏറ്റുമുട്ടലിലെ അന്വേഷണത്തിലും സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പൊലീസ് നടപടിയെ ന്യായീകരിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

click me!