
ദില്ലി: കേരള മൃഗ-പക്ഷി ബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. ശക്തി പൂജ ചെയ്യുന്ന കോഴിക്കോട് സ്വദേശികളുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസയച്ചത്. മൃഗങ്ങളെ കൊല്ലുന്നതിന് വിലക്കില്ലാത്തിടത്ത് ആരാധനാലയങ്ങളില്‍ മൃഗബലിക്ക് വിലക്കേര്‍പ്പെടുത്തുന്ന നിയമത്തിന്‍റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
1968-ല്‍ കേരള നിയമസഭാ പാസ്സാക്കിയ നിയമം ഹിന്ദു മത വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും മാത്രമാണ് ബാധകമെന്നും മറ്റ് മതങ്ങള്‍ക്ക് ബാധകം അല്ല എന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി. ഈ സമ്പ്രദായം മതത്തിന് അനിവാര്യമാണെന്ന് സ്ഥാപിക്കാൻ ഒരു വസ്തുവും രേഖപ്പെടുത്തിയിട്ടില്ലെന്ന് ജൂൺ 16 ന് കേരള ഹൈക്കോടതി പൊതുതാൽപര്യ ഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശികള്‍ കേരള മൃഗ-പക്ഷി ബലി നിരോധന നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകരായ വി ഗിരി, കെ വിശ്വനാഥന്‍, അഭിഭാഷകര്‍ ആയ എ കാര്‍ത്തിക്, കെ പരമേശ്വര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. കേരളത്തില്‍ മൃഗങ്ങളെ കൊല്ലുന്നതിന് നിരോധനം ഇല്ലെന്നും. ആരാധനാലയങ്ങളില്‍ പോലും സ്വന്തം ആവശ്യത്തിന് മൃഗങ്ങളേയും പക്ഷികളേയും കൊല്ലാമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ മൃഗങ്ങളെ ബലി നല്‍കുന്നതാണ് നിയമത്തില്‍ വിലക്കിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25, 26 അനുച്ഛേദം ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതയില്‍ വാദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam