
മുംബൈ: എൻസിപി ശരദ് പവാർ പക്ഷം എൻഡിഎയോടടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ നിബന്ധനകളോടെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് വർക്കിംങ് പ്രസിഡന്റ് സുപ്രിയ സുലെ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്ന ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവരികയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് സുപ്രിയ സുലെ വ്യക്തമാക്കി. കേവലം ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ചെയ്യുന്ന വലിയ അനീതിയായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ എൻസിപി ശരദ് പവാർ വിഭാഗം ബിജെപിയുമായും കോണ്‍ഗ്രസുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഇന്ത്യ മുന്നണിയിൽ തന്നെയെന്നും സുപ്രിയ സുലെ മുംബൈയിൽ പറഞ്ഞു.
50 ശതമാനം സീറ്റ് വർധന എന്ന നിബന്ധന രേഖാമൂലം നൽകണമെന്നും അതിന് ശേഷം ചർച്ച ചെയ്യാമെന്നും സുപ്രിയ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുത്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ യോഗത്തിൽ ഉണ്ടായിരുന്നെന്നും സുപ്രിയ വ്യക്തമാക്കി. എൻസിപി ശരദ് പവാർ വിഭാഗം എൻഡിഎയിലേക്കു പോകുമെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത്തരം വാർത്തകൾ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ളതാണെന്നും എൻസിപി ഇന്ത്യ സഖ്യത്തിൽത്തന്നെ ഉറച്ചുനിൽക്കുമെന്നും അവർ പറഞ്ഞു. അതേസമയം, ഒരിക്കൽ തള്ളിപ്പോയ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam