അസുര ബസിൻ്റെ അതിവേഗം കണ്ടെത്തി, പക്ഷേ തടയാൻ ആളില്ലാതെ പോയി: സുരക്ഷാ മിത്ര പദ്ധതി പാളിയത് ഇങ്ങനെ

Published : Oct 09, 2022, 12:52 PM IST
അസുര ബസിൻ്റെ അതിവേഗം കണ്ടെത്തി, പക്ഷേ തടയാൻ ആളില്ലാതെ പോയി: സുരക്ഷാ മിത്ര പദ്ധതി പാളിയത് ഇങ്ങനെ

Synopsis

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട അസുരൻ ബസിൻ്റെ അമിതവേഗം കണ്ടെത്തിയത് ഈ പദ്ധതിയുടെ നേട്ടമാണ്. പക്ഷേ നടപടിയെടുക്കാൻ സംവിധാനമുണ്ടായില്ല എന്നതാണ് വീഴ്ചയായത്. 

തിരുവനന്തപുരം: അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയ സുരക്ഷ മിത്ര പദ്ധതി പെരുവഴിയിൽ. വാഹനങ്ങളിൽ ജിപിഎസ് സ്ഥാപിച്ച് അതി വേഗക്കാരെ കണ്ടെത്താനുള്ള കണ്‍ട്രോള്‍ റൂമുകള്‍ ഇനിയും പ്രവർത്തനം തുടങ്ങിയില്ല. സവാരിയായി ഓടുന്ന എട്ടര ലക്ഷം വാഹനങ്ങളിൽ സുരക്ഷ മിത്രയിൽ ഇതേവരെ ചേർന്നത് രണ്ടരലക്ഷം വണ്ടികൾ മാത്രമാണ്.

ദില്ലയിലെ നിർഭയ കേസിന് ശേഷമാണ് സുരക്ഷ മിത്ര എന്ന പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ചട്ടലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ അതിവേഗം പിടികൂടുക, വാഹനങ്ങളിൽ സുരക്ഷ ബട്ടണുകള്‍ സ്ഥാപിച്ച് സ്ത്രീ സുരക്ഷ ഉറപ്പാക്കുക- ഇതായിരുന്നു ലക്ഷ്യം. ഓട്ടോറിക്ഷ ഒഴികെ സവാരി നടത്തുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘട്ടിപ്പിച്ചുള്ള വേഗ നിയന്ത്രണമായിരുന്നു ഉദ്ദേശിച്ചത്. എട്ടര ലക്ഷം വാഹനങ്ങള്‍ സംസ്ഥാനത്തുണ്ട്. പക്ഷെ ഇന്നേ വരെ ജിപിഎസ് ഘടിപ്പിച്ചത് രണ്ടരലക്ഷം വാഹനങ്ങള്‍ മാത്രം. 

കോടതിയിൽ പോയും, തർക്കങ്ങള്‍ ഉന്നയിച്ചും ഭൂരിഭാഗം വാഹനങ്ങളും പദ്ധതിയുടെ ഭാഗമായിട്ടില്ല. ജൂണ്‍ 30ന് അവസാന തീയതി വച്ചിട്ടും വാഹന ഉടമകള്‍ സുരക്ഷമിത്രയിൽ ചേരാൻ തയ്യാറായിട്ടില്ല. 13 കോടിയുടെ പദ്ധതി തുടങ്ങിയത് രണ്ടു വർഷം മുമ്പാണ്. 80 ശതമാനം കേന്ദ്ര വിഹിതം, 20 ശതമാനം സർക്കാർ വിഹിതം. ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിൽ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം, 14 ജില്ലകളിലും കണ്‍ട്രോള്‍ റൂം. ഇങ്ങനെയാണ് പദ്ധതി. വേഗത്തിലോടുന്ന വാഹനത്തിൽ നിന്നും വാഹന ഉടമയ്ക്കും കണ്‍ട്രോള്‍ റൂമിലേക്കും സന്ദേശമെത്തും. പക്ഷെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിലും ചുരുക്കം ചില ജില്ലാ ഓഫീസുകളിലും മാത്രമാണ് കൺട്രോൾ റൂം ഉള്ളത്. 

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട അസുരൻ ബസിൻ്റെ അമിതവേഗം കണ്ടെത്തിയത് ഈ പദ്ധതിയുടെ നേട്ടമാണ്. മണിക്കൂറിൽ 97. 7 വേഗത്തിൽ അന്ന് ബസ് പാഞ്ഞുവെന്ന സന്ദേശം കൃത്യമായെത്തി.പക്ഷെ ഒന്നും ചെയ്യാനായില്ല. കാരണം രാത്രിയിൽ ഇതൊന്നും നിരീക്ഷിക്കാൻ ആരുമില്ല.  രാത്രിയും പകലുമായി വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥരില്ലയെന്നതാണ് പദ്ധതി പൂർണ അ‍ർത്ഥത്തിൽ നടപ്പക്കാൻ കഴിയാത്തിതിനുള്ള ഒരു കാരണം.

പരിശോധനക്കായി മോട്ടോർ വാഹനവകുപ്പിൽ ആകെയുള്ളത് 368 ജീവനക്കാർ മാത്രം. അതായത് ഒരു വാഹനം എവിടെയെങ്കിലും അതിവേഗം പായുന്നതായി കൺട്രോൾ റൂമിൽ അറിഞ്ഞാലും ഒന്നും ചെയ്യാനാകില്ല. സുരക്ഷമിത്ര വേണ്ടത്ര ഗുണം ചെയ്യാതിരിക്കാൻ മറ്റൊരു കാരണവുമുണ്ട്. ജിപിഎസ് ഘടിപ്പിക്കാത്ത വാഹന ഉടമകള്‍ക്ക് എന്ത് ശിക്ഷ നൽകുമെന്ന കാര്യത്തിൽ ഇപ്പോഴും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടില്ല. അങ്ങനെ പേരിന് മാത്രമായുള്ള മോട്ടോർ വാഹനവകുപ്പിൻറെ പദ്ധതിയിലൊന്നായി സുരക്ഷാ മിത്രയും മാറി. സുരക്ഷയുമില്ല പൊതുജനങ്ങൾക്ക് മിത്രവുമാകുന്നുമില്ല.. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ