
പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയില്‍ ആദിവാസി യുവതിക്കും കുഞ്ഞിനും സമ്മാനമായി തൊട്ടിലും സഹായധനവും കൈമാറി മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യറാണ് സുരേഷ് ഗോപിയുടെ സഹായം കൈമാറിയത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ അട്ടപ്പാടി കടുകുമണ്ണ ഊരുകാർ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റർ സഞ്ചരിച്ചത് വലിയ വാര്‍ത്തയായിരുന്നു. മൂന്ന് കിലോമീറ്റര്‍ നടന്നിട്ടില്ലെന്നും മുന്നൂറ് മീറ്ററാണ് നടന്നതെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയിന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തിയാണ് സന്ദീപ് വാര്യര്‍ അമ്മയെയും കുഞ്ഞിനേയും അവര്‍ കണ്ടത്. സുരേഷ് ഗോപി കുഞ്ഞിനുള്ള സമ്മാനമായി ഏൽപ്പിച്ച തൊട്ടിലും സഹായധനവും അമ്മക്ക് കൈമാറി. സുരേഷ് ഗോപി ഫോണിൽ അമ്മയോട് സുഖ വിവരങ്ങൾ തേടുകയും ആശംസകൾ അറിയിക്കുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു .
300 മീറ്റർ മാത്രമേ മുരുകന് തന്‍റെ ഗർഭിണിയായ ഭാര്യയെ തുണിയിൽ കെട്ടി ചുമക്കേണ്ടി വന്നുള്ളൂ എന്നാണ് മന്ത്രി നിയമ സഭയിൽ പറഞ്ഞത്. മുരുകനുമൊത്ത് ആ ദുർഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് നടന്ന് പോയെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. 300 മീറ്റർ അല്ല , മൂന്ന് കിലോമീറ്ററിൽ അധികം ദൂരമാണ് നടന്നത്. പട്ടിണി കിടന്ന് വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിന്‍റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര്. മധുവിന്‍റെ ചെറിയമ്മയുടെ മകനാണ് മുരുകൻ. കടുകുമണ്ണ ഊരിൽ റോഡില്ല, വൈദ്യുതി ലൈനില്ല, മൊബൈൽ റേഞ്ച് ഇല്ല, ഊരു വാസികൾക്ക് മൊബൈലും ഇല്ല. സോളാർ പാനലിൽ ചില വീടുകളിൽ പ്രകാശമുണ്ട്. മഴക്കാലത്ത് അതുമില്ല. അഞ്ചു മാസമായി ആനവായിലെ സബ് സെന്റർ പൂട്ടിക്കിടക്കുകയാണ്. അത് തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ശിശു മരണങ്ങൾ നടക്കാൻ സാധ്യത ഏറെയാണ്. അത് ഉടൻ പ്രവർത്തന ക്ഷമമാക്കണം. ആനവായിൽ നിന്ന് കടുകുമണ്ണ തൂക്കുപാലം വരെയുള്ള റോഡ് മഴ പെയ്താൽ സഞ്ചാര യോഗ്യമല്ല. അത് അടിയന്തരമായി ഇന്റർലോക്ക് ചെയ്യണം. നിയമസഭയിൽ പറഞ്ഞ 300 മീറ്റർ കള്ളം തിരുത്താനും തയ്യാറാവണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.