
തിരുവനന്തപുരം: ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ആരോഗ്യമന്ത്രി വിളിച്ചു വരുത്തി. ഉന്നതതലയോഗത്തിന് ശേഷമാണ് ഡോക്ടർമാരിൽ നിന്നും മന്ത്രി നേരിട്ട് വിശദീകരണം തേടിയത്. ഡോക്ടർമാർ മന്ത്രിയുടെ ഓഫീസിലെത്തി വിശദീകരണം നൽകി.
അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് അവയവം സ്വീകരിച്ച രോഗി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതാണ് വിവാദത്തിന് കാരണം. കാരക്കോണം സ്വദേശി 62 വയസുള്ള സുരേഷ് കുമാറാണ് മരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി ഒന്പതരയ്ക്ക് ആണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെത്തിച്ചത്. അവയവം എത്തിക്കുന്നത് വൈകാതിരിക്കാൻ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ച വൃക്ക , സ്വീകർത്താവിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത് രാത്രി 9.30 ഓടെയാണെന്നാണ് ആരോപണം.കൃത്യസമയത്ത് ശസ്ത്രക്രിയ നടന്നില്ലെന്നും ശസ്ത്രക്രിയ വൈകിയതാണ് മരണകാരണമെന്നുമാണ് പരാതി
മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ലഭ്യമാകുന്ന അവയവം അത് ചേരുന്ന രോഗിയെ കണ്ടെത്തിയാണ് നൽകുന്നത്. പ്രായം, രോഗാവസ്ഥ ഇതെല്ലാം പരിഗണിച്ചാണ് അവയവം നൽകുക. ഇന്നലെ ലഭ്യമായ വൃക്കയുമായി മാച്ച് ചെയ്യുന്ന അനിൽകുമാറിനെ വിവരം അറിയിച്ച് വീട്ടിൽ നിന്ന് വരുത്തുകയായിരുന്നു. അറിയിപ്പ് കിട്ടി മണിക്കൂറുകൾക്കുള്ളിൽ സുരേഷ് കുമാർ ആശപത്രിയിലെത്തി. അതിനുശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് തയാറാക്കി. ഇതിൻറെ ഭാഗമായി ശരീരത്തിലെ വിസർജ്യങ്ങളടക്കം നീക്കം ചെയ്യാൻ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്,. പൂർണ തോതിൽ അല്ലാത്ത മിനി ഡയാലിസിസ് ആണ് നടത്തുക. അതേസമയം ഈ ഡയാലിസിസ് അടക്കം നടത്തിയാണ് രോഗിയെ ശസ്ത്രക്രിയക്ക് തയാറാക്കിയത്.
വൃക്കയുമായി എത്തിയ മെഡിക്കൽ സംഘത്തിന് അത് ഓപറേഷൻ തിയറ്റിലേക്ക് കൈമാറാൻ തിയറ്ററിനു മുന്നിൽ കാത്തുനിൽക്കേണ്ടി വന്നു. ഓപറേഷൻ തിയറ്റിനുമുന്നിൽ 10 മിനിട്ടിലേറെ കാത്തെങ്കിലും അവയവം ഏറ്റുവാങ്ങാൻ നെഫ്രോളജി,യൂറോളജി വിഭാഗങ്ങളിലേയോ ഓപറേഷൻ തിയറ്ററിലെ ജീവനക്കാരോ എത്തിയില്ല. ഇവിടെ കാലതാമസം ഉണ്ടായി. തുടർന്ന് ഐസിയുവിലാണ് അവയവം സ്വീകരിച്ചത്. നെഫ്രോളജി,യൂറോളജി വിഭാഗങ്ങളിലെ ഏകോപനക്കുറവാണ് ഈ കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അനൌദ്യോഗികമായി സമ്മതിക്കുന്നുണ്ട്.
പിന്നീട് രാത്രിയോടെ ശസ്ത്രക്രിയ നടത്തി ഐ സി യുവിൽ പ്രവേശിപ്പിച്ച രോഗിക്ക് രക്തസ്രാവം ഉണ്ടായി. രക്ത സമ്മർദം താഴ്ന്നു. ഹൃദയസ്തംഭനം സംഭവിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
സുരേഷ് കുമാറിന്റെ കുടുംബം പറയുന്നത്
സുരേഷ്കുമാറിൻറെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വൃക്ക മാറ്റിവയ്ക്കൽ നടത്തണോ എന്നതിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ ഞങ്ങൾ തന്നെയാണ് ഡോക്ടർമാരോട് പറഞ്ഞത്. അതനുസരിച്ച് ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് മുന്പ് നടത്തിയ പരിശോധനകളിലെല്ലാം രോഗാവസ്ഥ ഗുരുതരമാണെന്ന വിവരം ഡോക്ടർമാർ നൽകിയിരുന്നു. അതേസമയം വളരെ നാൾ കാത്തിരുന്ന് കിട്ടിയ അവയവമായതിനാലാണ് ശസ്ത്രക്രിയയ്കക് സമ്മതമാണെന്ന് അറിയച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വീഴ്ച സംഭവിച്ചോ എന്നതടക്കം കാര്യങ്ങളിൽ ഇപ്പോൾ പരാതി പറയുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം അതനുസരിച്ച് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായാൽ പരാതി നൽകുമെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.