
തിരുവനന്തപുരം: പാറശാല ഡിപ്പോയിൽ മിന്നൽ പരിശോധന. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയ പാറശാല ഡിപ്പോയിൽ കെഎസ്ആർടിസി സി എം ഡിയുടെ മിന്നൽ പരിശോധന. ഓഫീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി. ഹാജർ പട്ടികയിൽ തിരുത്തലുകൾ കണ്ടെത്തി. മാസം 16 ഡ്യൂട്ടി ചെയ്യാത്തവർക്കും ശമ്പളം അനുവദിച്ചതായി കണ്ടെത്തി. സൂപ്രണ്ടിനെയും അസിസ്റ്റന്റിനെയും ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി.
അതിനിടെ കെ എസ് ആര്‍ ടി സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് 1,17,535 രൂപാ കാണാതായതിൽ സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് പേര്‍ക്ക് സസ്പെൻഷൻ. സൂപ്രണ്ട് കെ സുരേഷ് കുമാര്‍, ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരനായ ടി ടി സുരേഷ് കുമാര്‍, കെ അനിൽ കുമാര്‍, ജി ഉദയകുമാര്‍, ജോസ് സൈമൺ എന്നിവര്‍ക്കെതിരെയാണ് നടപടി. ദിവസ വരുമാനത്തിൽ നിന്നാണ് പണം കാണാതായത്. പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് നാല് ദിവസം മുമ്പാണ് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയിൽ, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആൻ്റ് ക്യാഷ് ഡിപ്പാർട്ട്മെൻറിൽ നടത്തിയ പരിശോധയിൽ, പൊരുത്തക്കേട് കണ്ടെത്തി. ജീവനക്കാര്‍ ഹാജരാക്കിയ വൗച്ചറുകൾ ഡീസൽ അടിക്കാൻ നൽകിയതിന്‍റേത് അല്ലെന്ന് കണ്ടെത്തി. വൗച്ചറുകൾ സ്വീകരിച്ചതിന്‍റെ വിവരം സ്ക്രോൾ ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.
ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്മെന്‍റ് കണക്ക്. വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസ് അപകടക്കേസ് പരിഗണിക്കവേയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.