കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് സസ്പെൻഷനിലായ നഴ്സ്

By Web TeamFirst Published Nov 4, 2020, 5:23 PM IST
Highlights

കൊച്ചി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് രോഗി മരിച്ചത് സംബന്ധിച്ച് നഴ്സിംഗ് ഓഫീസര്‍ ജലജാദേവിയുടെ വാട്ട്സാപ്പ് സന്ദേശം  വിവാദമായിരുന്നു. മെഡിക്കല്‍ കോളേജിന്‍റെ അനാസ്ഥക്കെതിര പിന്നീട് വലിയ ആരോപണങ്ങളുണ്ടായി. 

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ തന്നെ ബലിയാടാക്കിയെന്ന് സസ്പെൻഷനിലായ നഴ്സിങ് ഓഫീസർ ജലജാദേവി. നഴ്സുമാരുടെ ഔദ്യോഗിക വാട്ട് സാപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദശം പുറത്തായതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തനിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ നിയമപരമായി നേരിടുമെന്നും ജലജാദേവി  കോട്ടയത്ത് പറഞ്ഞു.

കൊച്ചി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് രോഗി മരിച്ചത് സംബന്ധിച്ച് നഴ്സിംഗ് ഓഫീസര്‍ ജലജാദേവിയുടെ വാട്ട്സാപ്പ് സന്ദേശം  വിവാദമായിരുന്നു. മെഡിക്കല്‍ കോളേജിന്‍റെ അനാസ്ഥക്കെതിര പിന്നീട് വലിയ ആരോപണങ്ങളുണ്ടായി. സംഭവത്തെക്കുറിച്ച്  വകുപ്പ് തല അന്വേഷണം നടക്കുകയാണ്. വാട്സാപ്പ് സന്ദേശം പുറത്തായതിന് പിന്നാലെ ജലജാദേവിയെ സസ്പെന്‍റ് ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിനാണ് സസ്പെൻഷെനെന്ന് ഇന്നലെ ലഭിച്ച ഓര്‍ഡറില്‍ പറയുന്നു. താനല്ല  മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതെന്നാണ് ജലജാദേവിയുടെ വിശദീകരണം. നഴ്സിംഗ് ഓഫീസര്‍മാരുടെ ഗ്രൂപ്പിലെ സന്ദേശം ആരോ ചോര്‍ത്തി നല്‍കിയതാകാം. അത് അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്നും ജലജാദേവി പറഞ്ഞു.

 ഹാരിസിന്‍റെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന്  പറഞ്ഞിട്ടില്ല. ഇത്തരത്തിൽ ഒരു പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. സഹപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്താൻ വേണ്ടി  നഴ്സിംഗ് സൂപ്രണ്ട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സന്ദേശം അയച്ചത്. ഡിഎംഇയും മെഡിക്കല്‍ കോളേജിലെ ചിലരും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്നും ജലജാ ദേവി ആരോപിക്കുന്നു.

click me!