
തിരുവനന്തപുരം: നടുറോഡിൽ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കരമന പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സസ്പെൻഡ് ചെയ്തും എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തും സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി.
കരമന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ മനോജിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കരമന എസ്.ഐ സന്ധുവിനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. നടുറോഡിൽ പകൽ സമയത്ത് വച്ച് ബൈക്ക് യാത്രകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ കേസിൽ സമയബന്ധിതമായി കേസെടുക്കാനും തുടര്‍ നടപടികൾ സ്വീകരിക്കാനും പൊലീസിന് സാധിച്ചില്ലെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. കരമന പൊലീസിൻ്റെ പ്രവൃത്തി മൂലം പൊതുജനമധ്യത്തിൽ പൊലീസ് നാണം കെടുന്ന അവസ്ഥയുണ്ടായി. മാധ്യമങ്ങളിലൂടെ പൊലീസിന് വിമർശമേൽക്കേണ്ടി വന്നുവെന്നും കമ്മീഷണറുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
സ്പെഷ്യൽ ബ്രാഞ്ചിൻറെയും ഫോർട്ട് സ്റ്റേഷനിലെയും അസി. കമ്മീഷണറുടേയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനെ സഹോദരങ്ങളായ അഷ്കറും അനീഷും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ് മുഖത്ത് ചോരയൊലിപ്പിച്ച് കരമന സ്റ്റേഷനിൽ എത്തിയ പ്രദീപിനോട് ചികിത്സാരേഖകളുമായി എത്തണമെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടിടത്ത് നിന്ന് തുടങ്ങുന്നു വീഴ്ച. ചികിത്സാരേഖകളും മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ പിറ്റേ ദിവസം മൊഴി നൽകാനായി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചെന്നാണ് പരാതി. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു. വ്യാഴാഴ്ച വൈകീട്ട് കേസിന്‍റെ കാര്യം അന്വേഷിക്കാൻ വിളിച്ച പ്രദീപിന്‍റെ സഹോദരി പ്രതിഭയ്ക്ക് കിട്ടിയതോ അങ്ങനെയൊരു സംഭവം ഉണ്ടായോ എന്ന തരത്തിലുള്ള മറുപടി
മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രദീപിനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇരുവരും ഒളിവിലാണെന്നാണ് കരമന പൊലീസിൻറെ വിശദീകരണം.
കരമന കേസ്: പൊലീസ് വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണറുടെ ഉത്തരവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam