തൃശ്ശൂരില്‍ നവവധു മരിച്ച സംഭവം; അന്വേഷണത്തില്‍ വീഴ്‍ച വരുത്തിയ സിഐക്കും എസ്‍ഐക്കും സസ്പെൻഷൻ

By Web TeamFirst Published Jun 23, 2020, 7:48 PM IST
Highlights

ആറ് മാസം മുൻപാണ് മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭര്‍ത്താവിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തൃശ്ശൂർ: പെരിങ്ങോട്ടുകരയിൽ നവവധു മരിച്ച സംഭവത്തില്‍ അന്വേഷണത്തിൽ വീഴ്ച വരുത്തിയ അന്തിക്കാട് സ്റ്റേഷനിലെ സിഐക്കും എസ്ഐക്കും സസ്പെൻഷൻ. നോർത്ത് സോൺ ഐജിയുടേതാണ് നടപടി. ആറ് മാസം മുൻപാണ്
മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭര്‍ത്താവിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അറിയിച്ചത്. 

എന്നാല്‍  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്‍റെ പാടുകളും നെറ്റിയിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ്‌ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ബന്ധുക്കളുടെ ആരോപണത്തിൽ വേണ്ടത്ര ഗൗരവത്തില്‍ അന്വേഷണം നടത്താത്തതിനാണ് സിഐ പി കെ മനോജിനെയും, എസ്ഐ കെ ജെ ജിനേഷിനെയും സസ്പെൻഡ് ചെയ്തത്. 

ഗൗരവമേറിയ കേസ് എസ്‍ഐയിൽ നിന്ന് സിഐ ഏറ്റെടുക്കാത്തത് വലിയ വീഴ്ചയായാണ് മുതിർന്ന ഉദ്യോഗസ്ഥ‍ർ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥിന്‍റെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് നടപടി. ശ്രുതിയുടെ മരണം  ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. നേരത്തെ സംഭവത്തില്‍ വനിത കമ്മീഷൻ സ്വമേധയാ  കേസെടുത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 22 നാണ് ശ്രുതിയുടെയും അരുണിന്‍റെയും വിവാഹം നടന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.
 

click me!