ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് കടത്ത്; 3 പേര്‍ക്ക് സസ്പെന്‍ഷന്‍, ജവാന്‍ റമ്മിന്‍റെ ഉത്പാദനം പുനരാരംഭിക്കും

By Web TeamFirst Published Jul 3, 2021, 2:25 PM IST
Highlights

നിര്‍ത്തിവെച്ച മദ്യഉത്പാദനം തിങ്കളാഴ്ച പുനരാരംഭിക്കും. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്. 

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ജനറൽ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടി. കെഎസ്ബിസി എംഡി യോഗേഷ് യാദവാണ് ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുത്തത്. നിലവിൽ സസ്പെൻഷനിലായ മൂന്ന് ഉദ്യോഗസ്ഥരും ഒളിവിലാണ്. നിര്‍ത്തിവെച്ച മദ്യഉത്പദാനം തിങ്കളാഴ്ച പുനരാരംഭിക്കും. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്.

പത്ത് സ്ഥിരം ജീവനക്കാർ, 28 താത്കാലിക ജീവനക്കാർ, 117 കരാർ ജീവനക്കാർ എന്നിവരാണ് സഥാപനത്തിലുള്ളത്. കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കർ ലോറികളിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് കടത്തിയത്. നാൽപ്പതിനായിരം ലിറ്റർ വീതമുള്ള രണ്ട് ടാങ്കറുകളും ലോ‍ഡ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടർന്നാണ് ഉത്പാദനം നിർത്താൻ കെഎസ്ബിസി നിർദേശം നൽകിയത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും മദ്യഉത്പാദനം ആരംഭിക്കാനാണ് തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!