
മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്താല്‍ പോരെന്നും പിരിച്ചുവിടുകയാണെന്ന് ചെയ്യേണ്ടതെന്നും പിവി അന്‍വര്‍ എംഎല്‍എ. സര്‍ക്കാര്‍ അത്തരമൊരു തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാറികളിൽ നിന്ന് എഡിജിപി അജിത് കുമാറിന് മാസപ്പടി കിട്ടുന്നുണ്ട്. കോട്ടക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്‍റെ പേരിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പി.വി.അൻവർ എം.എൽ.എ ആരോപിച്ചു. ആരോപണമുന്നയിച്ച കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ കെട്ടിടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍ എംഎല്‍എ.
അന്നത്തെ മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസ് ആണ് കോട്ടക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിര്‍മിച്ച കെട്ടിടത്തിന്‍റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിന് പിന്നിലെന്നും പിവി അൻവര്‍ ആരോപിച്ചു. ക്രിമിനല്‍ സംഘം ഏതു രീതിയിലും പണമുണ്ടാക്കുകയാണ്. തന്‍റെ സുരക്ഷയ്ക്കായി തോക്ക് കൈവശം വെക്കുന്നതിനായി ലൈസന്‍സിനുള്ള നടപടികള്‍ തുടരുന്നുണ്ട്. തോക്കിന് ലൈസന്‍സ് ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭയം ഉണ്ടായിട്ടല്ല തോക്ക് ലൈസന്‍സിന് അപേക്ഷിച്ചതെന്നും പിവി അൻവര്‍ പറഞ്ഞു.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിലവിൽ എഡിജിപി (ക്രമസമാധാനം) സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി നിര്‍ത്തിയിട്ടില്ല. എഡിജിപി അവധി നീട്ടി ചോദിക്കാൻ സര്‍ക്കാരിന് അപേക്ഷ നല്‍കാനിരിക്കെയാണ് വീണ്ടും ആരോപണവുമായി പിവി അൻവര്‍ എംഎല്‍എ രംഗത്തെത്തിയത്. എഡിജിപിക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങരുതെന്നും സര്‍വീസിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നുമായിരുന്നു അൻവറിന്‍റെ പ്രതികരണം.
എഡിജിപി എംആര്‍ അജിത് കുമാർ നെട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പിവി അൻവര്‍ എംഎല്‍എ നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് നിന്നും കാണാതായ മാമിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷമായിരുന്നു ആരോപണം. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാം എന്നായിരുന്നു അന്‍വറിന്‍റെ മറുപടി.
എന്തായാലും അജിത് കുമാര്‍ മാറും. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നത്. മാമിയെ എനിക്ക് നേരത്തെ അറിയില്ലെന്നും അൻവര്‍ പറഞ്ഞു.ഇപ്പോൾ രൂപീകരിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം ഉണ്ട്. സിബിഐ വരണമെന്ന ആവശ്യത്തിൽ നിന്നും തൽക്കാലം പിന്മാറാൻ കുടുംബത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പിവി അൻവര്‍ പറഞ്ഞു.
പി ശശിക്കെതിരായ ആരോപണത്തിൽ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന് കാര്യങ്ങൾ വഴി തിരിച്ചു വിടേണ്ട എന്നായിരുന്നു അന്‍വറിന്‍റെ പ്രതികരണം. ഇനി രാഷ്ട്രീയ ആരോപണം ഉണ്ടാവില്ല. ഇനി രാഷ്ട്രീയം പറയാൻ ഇല്ല. പൊലീസ് അന്വേഷണത്തിൽ മാത്രം ആണ് മറുപടിയെന്നും പിവി അന്‍വര്‍ പറഞ്ഞു.
എഡിജിപി എംആര്‍ അജിത് കുമാര്‍ അവധി നേരത്തെയാക്കാൻ സാധ്യത; നാളെ അപേക്ഷ നല്‍കിയേക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam