
കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി സന്ധ്യയുടെ (DGP B Sandhya) പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ (Swami Gangeshananda). സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ മൂന്ന് പേരുണ്ടെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ കൊച്ചിയിൽ പറഞ്ഞു.
ജനനേന്ദ്രിയം മുറിച്ച കേസിൽ ഡിജിപി ബി.സന്ധ്യക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി ഗംഗേശാനന്ദ. കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ ബി.സന്ധ്യയാണ്. തന്‍റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. എന്നിട്ടും കേസിൽ അഞ്ച് വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.
2017 മേയിൽ തിരുവനന്തപുരം പേട്ടയിൽ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിർന്നപ്പോൾ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാർഥിനിയുടെ പരാതി. എന്നാൽ കോടതിയിൽ കേസ് എത്തിയപ്പോൾ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകൻ അയ്യപ്പദാസിന്‍റെ നിർബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെൺകുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പരാതിക്കാരിയുടെ കുടുംബത്തിൽ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളിൽ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ പ്രതി ചേർക്കേണ്ട സാഹചര്യമായതിനാൽ കേസിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam