സ്വപ്നക്കായി മറ്റൊരു കേസില്‍ പൊലീസിന്‍റെ അട്ടിമറി നീക്കം; രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന്

By Web TeamFirst Published Jul 7, 2020, 11:39 AM IST
Highlights

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖയുണ്ടാക്കിയ കേസിൽ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ ക്രൈം ബ്രാഞ്ചിൻ്റെ പുനരന്വേഷണത്തിൽ സ്വപ്നക്കെതിരെ തെളിവ് കണ്ടെത്തി. അട്ടിമറി രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

തിരുവനന്തപുരം: സ്വപ്നക്കായി മറ്റൊരു കേസില്‍ പൊലീസ് അട്ടിമറി നീക്കം നടത്തിയതിന്‍റെ തെളിവുകൾ പുറത്ത്. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ കേസിലാണ് അട്ടിമറി നടത്തിയത്. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖയുണ്ടാക്കിയ കേസിൽ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ ക്രൈംബ്രാഞ്ചിൻ്റെ പുനരന്വേഷണത്തിൽ സ്വപ്നക്കെതിരെ തെളിവ് കണ്ടെത്തി. അട്ടിമറി രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

എയർഇന്ത്യ സാറ്റ്സിലെ ജീവനക്കാരിയായിരുന്നപ്പോഴാണ് സ്വപ്ന എയർ ഇന്ത്യ ഉദ്യോഗസ്ഥനെ കളളക്കേസിൽ പെടുത്താൻ ശ്രമിച്ചത്. ഉദ്യോഗസ്ഥനെതിരെ 16 പെൺകുട്ടികൾ ഒപ്പിട്ട ലൈംഗിക പീഡന  പരാതിയാണ് എയർഇന്ത്യ മാനേജ്മെൻ്റിന് കിട്ടുന്നത്. ഇതേ തുടർന്ന് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പരാതിയിൽ ഒപ്പിട്ട 15 സ്ത്രീകളും ഒപ്പ് തങ്ങളുടെ അല്ല എന്നും പരാതി വ്യാജമാണെന്നും പൊലീസിന് മൊഴി നൽകി.

സ്വപ്ന പ്രേരിപ്പിച്ചതു കൊണ്ടാണ് പരാതിയിൽ ഒപ്പിട്ടതെന്നാണ് ഒരു സ്ത്രീ നൽകിയ മൊഴി. ജീവനക്കാരിയല്ലാത്ത ഒരു സ്ത്രീയെ പരാതികാരിയെന്ന വ്യാജേന എയർഇന്ത്യ അന്വേഷണസമിതിക്ക് മുന്നിൽ ഹാജരാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. വ്യാജരേഖ, ആൾമാറാട്ടം എന്നി വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സ്വർണ കളളക്കടത്ത് കേസിൽ പെടുന്നത്. 

ഒരു ബന്ധു സ്വപ്നക്കെതിരെ ഡിജിപിക്ക് ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു. പിന്നീട് പൊലീസ് സാന്നിധ്യത്തിൽ തന്നെ ഈ കേസ് ഒത്തുതീർന്നു. തട്ടിപ്പ് കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സ്വർണ്ണക്കടത്ത് പുറത്തുവരുന്നത്.

click me!