'ബിരിയാണിച്ചെമ്പിൽ' പ്രതിഷേധം, മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം; ഇന്ന് കരിദിനമെന്ന് കോൺഗ്രസ്

Published : Jun 08, 2022, 01:21 AM IST
'ബിരിയാണിച്ചെമ്പിൽ' പ്രതിഷേധം, മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം; ഇന്ന് കരിദിനമെന്ന് കോൺഗ്രസ്

Synopsis

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ വൈകുന്നേരം മുതൽ നടക്കുന്നത്. ബിരിയാണിച്ചെമ്പുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യം കടുപ്പിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ ഇന്നലെ വൈകുന്നേരം മുതൽ ബിരിയാണിച്ചെമ്പുമായി പ്രതിഷേധം നടത്തുകയായിരുന്നു കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി ജെ പി, യുവമോർച്ച പ്രവ‍ർത്തകർ. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്ന പറഞ്ഞ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്‍റെ രാജി ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെ പി സി സി വ്യക്തമാക്കി.

സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ബിരിയാണിച്ചെമ്പുമായി പ്രവർത്തകർ

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ വൈകുന്നേരം മുതൽ നടക്കുന്നത്. ബിരിയാണിച്ചെമ്പുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയടക്കം പ്രയോഗിച്ചു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചത് ഉന്തിനുംതള്ളിനും ഇടയാക്കി. പാലക്കാട് യുവമോർച്ച പ്രവർത്തകർ ബിരിയാണി ചെമ്പുമായി സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ  നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റോഡിൽ കുത്തിയിരിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

'അസത്യം പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതണ്ട': സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി

അതേസമയം സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല. അസത്യം പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതണ്ടെന്നും പിണറായി പറഞ്ഞു. ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത്  ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്.

അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച്  നേട്ടം  കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ
'ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു, മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട', പൂന്തുറയിലെ മരണത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്