Latest Videos

സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച് ജയിൽ വകുപ്പിന് റിപ്പോർട്ട് നൽകിയതായി വനിത ജയിൽ സൂപ്രണ്ട്

By Web TeamFirst Published Sep 14, 2020, 8:27 PM IST
Highlights

റമീസിനെ സെൻട്രൽ ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അതിസുരക്ഷാ ജയിൽ സൂപ്രണ്ടും പ്രതികരിച്ചു

തൃശ്ശൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോഗ്യ നില സംബന്ധിച്ച് ജയിൽ വകുപ്പിന് റിപ്പോർട്ട് നൽകിയതായി വിയ്യൂർ വനിത ജയിൽ സൂപ്രണ്ട്. സ്വപ്നയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോഴാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ഒരു മാസത്തെ മരുന്നുമായാണ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം ജയിലിലെത്തിയത്. നാളത്തെ ആൻജിയോഗ്രാമിന് ശേഷം തുടർ റിപ്പോർട്ട് കൊടുക്കും. 

റമീസിനെ സെൻട്രൽ ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അതിസുരക്ഷാ ജയിൽ സൂപ്രണ്ടും പ്രതികരിച്ചു. സ്വപ്നയും റമീസും തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുകയാണ്. സ്വപ്നക്ക് ആൻജിയോഗ്രാം പരിശോധനയും, റമീസിന് എന്‍ഡോസ്കോപിയും നാളെ നടത്തും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഡിസ്ചാർജ് തീരുമാനിക്കുക.

ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ശേഷം ഡിസ്ചാർജ് ചെയ്തു. റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

click me!