
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കത്തിൽ പറയുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്ആര്‍ഡിഎസിൻ്റെ ലെറ്റർ പാഡിലാണ് കത്ത്.
കേസിൻ്റെ മുഖ്യ സൂത്രധാരൻ ശിവശങ്കർ ഐഎഎസ് ആണ്. സ്വർണക്കടത്തിൽ താൻ ശിവശങ്കർ പറയുന്നത് അനുസരിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ പിന്നീട് തന്നെ ബലിയാടാക്കി. ബോഫോഴ്സ്, ലാവ്ലിൻ, 2G സ്പെക്ട്രം കേസുകളേക്കാൾ ഗൗരവമേറിയതാണ് സ്വർണക്കടത്ത് കേസ്. സംസ്ഥാന സർക്കാരിൻ്റെ സ്വാധീനം മൂലം കേസ് വഴിതിരിച്ച് വിടാനാണ് ശ്രമിച്ചത്. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. രാജ്യാന്തര ഗൂഡലോചനയുള്ള കേസാണിത്. കേസിന്‍റെയും തുടർ സംഭവങ്ങളുടെയും ഗൗരവം ഉൾക്കൊണ്ട് പ്രധാനമന്ത്രി ഉടൻ ഇടപെടണം. ഉചിതമായ നടപടി സ്വീകരിക്കണം. മനുഷ്യത്വപരമായ സമീപനമാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.
അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‍നയുടെ വാദം.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയിൽ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി നാളെ പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam