തടഞ്ഞുവെച്ച നയതന്ത്ര കാര്‍​ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു; ഇഡിയുടെ കുറ്റപത്രത്തില്‍ സ്വപ്നയുടെ മൊഴി

By Web TeamFirst Published Feb 20, 2021, 11:25 AM IST
Highlights

കള്ളക്കടത്ത് റാക്കറ്റിന്‍റെ ഭാഗമാണ് താനെന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ലോക്കറിലെ പണം തന്‍റേതെന്ന് ആദ്യം പറഞ്ഞതെന്നും സ്വപ്നയുടെ മെഴിയില്‍ പറയുന്നു.

കൊച്ചി: തടഞ്ഞുവെച്ച നയതന്ത്ര കാര്‍​ഗോ വിട്ടുകിട്ടാന്‍ മൂന്ന് തവണ എം ശിവശങ്കര്‍ ഇടപെട്ടെന്ന് സ്വപ്ന. താന്‍ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയായിരിക്കെയാണ് ശിവശങ്കര്‍ ഔദ്യോഗിക പദവി ഉപയോഗിച്ച് ഇടപെട്ടതെന്നാണ് സ്വപ്നയുടെ മൊഴി. ശിവശങ്കറിനെതിരെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കള്ളക്കടത്ത് റാക്കറ്റിന്‍റെ ഭാഗമാണ് താനെന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. ജൂലൈ അഞ്ചിന് തടഞ്ഞുവെച്ച നയതന്ത്ര കാര്‍ഗോയില്‍ സ്വര്‍ണമുളള കാര്യവും ശിവശങ്കര്‍ക്ക് അറിയാമായിരുന്നു. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ലോക്കറിലെ പണം തന്‍റേതെന്ന് ആദ്യം പറഞ്ഞതെന്നും മൊഴിയില്‍ പറയുന്നു.

പരിശോധനയില്ലാതെ കൊച്ചിയിലെ നയതന്ത്ര കാര്‍ഗോ വിട്ടയച്ച നടപടി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരമെന്ന് മൊഴിയും ഇഡി കുറ്റപത്രത്തിലുണ്ട്. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കമ്മീഷണര്‍ ഓഫീസിനെതിരെ കസ്റ്റംസ് ഹൗസ് ഏജന്‍റാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരിക്കുന്നത്. 

കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെയും സ്വര്‍ണക്കടത്ത് നടന്നുവെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. യുഎഇ സർക്കാർ കോസ്റ്റ് ജനറലിന് അയച്ച കാർഗോയാണ് ഏപ്രിൽ രണ്ടിനെത്തയത്. കുപ്പിവെള്ളം എന്ന ലേബലിലാണ് കാർഗോ എത്തിയത്. 

click me!