
ദില്ലി: തെരഞ്ഞെടുപ്പ് ഹർജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കെ ബാബുവിന്റെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സ്വരാജ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചിരുന്നു. എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ വിധി പറഞ്ഞത്.
തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ ബാബുവായിരുന്നു. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ എം സ്വരാജ് പരാജയപ്പെട്ടിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയം ഏറ്റവുമധികം ചർച്ചയായ മണ്ഡലങ്ങളിലൊന്നായിരുന്നു ഹിന്ദുവോട്ടുകൾ ഏറെയുളള തൃപ്പൂണിത്തുറ. ഒന്നാം പിണറായി സർക്കാരിനെതിരെ യുഡിഎഫിന്‍റെയും ബിജെപിയുടെയും പ്രധാന പ്രചരണായുധവും ഇതായിരുന്നു.
സിറ്റിങ് എംഎൽഎയായിരുന്ന സിപിഎം നേതാവ് എം സ്വരാജിനെ 992 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കോൺഗ്രസിലെ കെബാബു ജയിച്ചു കയറിയത്. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് പ്രചാരണം നടത്തിയതെന്നും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചാണ് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കെ ബാബുവിനെ വിജയിയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം ഉയർന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പുകൾക്കൊപ്പം ശബരിമല അയ്യപ്പന്‍റെ കൂടി പടം വിതരണം ചെയ്തെന്നും സ്ഥാനാർഥിയുടെ ഫോട്ടോയ്ക്കൊപ്പം അയ്യപ്പന്‍റെ പടം കൂടി ചേർത്ത് പ്രചാരണം നടത്തിയെന്നുമായിരുന്നു ആരോപണം.
താൻ തോറ്റാൽ മണ്ഡലത്തിൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കെ ബാബു പ്രചരിപ്പിച്ചെന്നുമാണ് വാദം. കെ ബാബുവിന്റെ ഫേസ്ബുക്ക് പേജിലെ തെളിവുകളും വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പും തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ അയ്യപ്പന്റെ പേരിൽ വോട്ടു പിടിച്ചിട്ടില്ലെന്നും ഇക്കാര്യം നേരത്തെ പൊലീസ് പരിശോധിച്ച് തളളിയതാണെന്നുമാണ് കെ ബാബു വാദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam