'ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി': നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറുന്നുവെന്ന് കെ കെ രമ

Published : Dec 13, 2025, 09:52 PM IST
k k rema

Synopsis

ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറിക്കളിക്കുന്ന ചരിത്രപരമായ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നും കെ കെ രമ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടാനിരിക്കുന്ന ആവേശകരമായ വിജയത്തിൻ്റെ അർത്ഥപൂർണ്ണമായ കാഹളമാണ് ഈ മുന്നേറ്റമെന്ന് കെ കെ രമ എംഎൽഎ. ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറിക്കളിക്കുന്ന ചരിത്രപരമായ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നും കെ കെ രമ കുറിച്ചു. ഒഞ്ചിയത്തും ജനപക്ഷ വികസനത്തിനും വലിയ അംഗീകാരമാണ് ജനം നൽകിയിരിക്കുന്നതെന്നും കെ കെ ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

2008 ൽ സഖാവ് മണ്ടോടിക്കണ്ണൻ്റെ മണ്ണിൽ സ.ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ തെളിമയോടെ പാറിക്കളിക്കുന്ന ചരിത്രപരമായ ഈ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.

പിറവി കൊണ്ട് ആറുമാസത്തെ ആയുസ്സ് കുലപ്രഭുക്കന്മാർ വിധിച്ച പ്രസ്ഥാനം അതിൻ്റെ അമരക്കാരനായ ടി.പിയുടെ രക്തസാക്ഷി സ്വപ്നങ്ങൾ നെഞ്ചേറ്റുവാങ്ങി പടർന്നു വളരുന്ന കാഴ്ചയാണ് എമ്പാടും.

പതിറ്റാണ്ടുകളുടെ വികസനമുരടിപ്പിൽ നിന്നും ഏറാമലയെ ഏറെ മാറ്റിയ ഭരണസമിതിയെ നട്ടാൽ കുരുക്കാത്ത നുണകളുടെ മഴയിൽ കുളിപ്പിക്കാൻ ശ്രമിച്ച സിപിഎം റീലുകൾ സത്യത്തിൽ ജനകീയ മുന്നണിയുടെ വികസന പദ്ധതികളുടെ പ്രചരണമായി മാറുകയായിരുന്നു.

ഒഞ്ചിയത്തും ജനപക്ഷ വികസനത്തിനും നേരിൻ്റെ രാഷ്ട്രീയത്തിന് വലിയ അംഗീകാരമാണ് ജനം നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്‌/ ബ്ലോക്ക്‌ പഞ്ചായത്ത് അടക്കമുള്ള സീറ്റുകളിൽ മത്സരിച്ച ജനകീയ മുന്നണി സ്ഥാനാർഥികളെ പൂർണ്ണമായും ഒഞ്ചിയത്തെ ജനത നെഞ്ചേറ്റുകയായിരുന്നു.

ഒഞ്ചിയം/ഏറാമല/ ചോറോട്/അഴിയൂർ പഞ്ചായത്തുകളിലെ ജനകീയ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവൻ യുഡിഎഫ്, ആർഎംപി പ്രവർത്തകരേയും നേതാക്കളെയും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുന്നു.

ഒഞ്ചിയം മേഖലയ്ക്ക് പുറത്തും തിളക്കമാർന്ന വിജയങ്ങൾ നേടാൻ ആർ.എം.പി.ഐക്ക് സാധ്യമായി. വടകര നഗരസഭയിലും, മണിയൂർ പഞ്ചായത്തിലും ആദ്യമായി ആർ.എം.പി.ഐ സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചു. മാവൂർ, തളിക്കുളം പഞ്ചായത്ത്/ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിൽ ഉൾപ്പെടെ ആർ.എം.പി.ഐ വിജയിച്ചു. ആർ.എം.പി.ഐയുടെ ചെമ്പതാകയേന്തി ജനവിധി തേടിയ മുഴുവൻ സഖാക്കൾക്കും ഹൃദയാഭിവാദ്യങ്ങൾ.

ജനജീവിതം നാൾക്കുനാൾ ദുഃസ്സഹമാക്കുകയും കോടിക്കണക്കിനു രൂപയുടെ പി.ആർ മാമാങ്കങ്ങളുടെ ഭാരം കൂടി അവർക്കു മേൽ കെട്ടിവെയ്ക്കുകയും ചെയ്ത സി.പി.എമ്മിന്റെ ദുർഭരണത്തിനെതിരായ ജനവികാരത്തിൻ്റെ കൊടുങ്കാറ്റ് തങ്ങൾക്കനുകുലമായ വികാരമാക്കി മാറ്റാൻ ആസൂത്രിതമായ സംഘടനാ പ്രവർത്തനങ്ങളിലൂടെ യു.ഡി.എഫ് നേതൃത്വത്തിന് സാധിച്ചു.

കേരളത്തിലാകെ ആഞ്ഞടിച്ച ഈ ജനവിധിയുടെ തരംഗത്തിന് നേതൃത്വം നൽകിയ യു.ഡി. എഫ് നേതൃത്വം ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടാനിരിക്കുന്ന ആവേശകരമായ വിജയത്തിൻ്റെ അർത്ഥപൂർണ്ണമായ കാഹളമാണ് ഈ മുന്നേറ്റം.

എത്ര വലിയ ഭീഷണികളും ഗുണ്ടാമർദ്ദനവും ഏറ്റുവാങ്ങിയിട്ടാണ് പല സ്ഥലങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ ഈ പോരാട്ടം നടത്തിയത് എന്നത് ഓർക്കേണ്ടതാണ്. ഒരു പാർലമെന്റ് അംഗത്തിനെ പോലും കടന്നാക്രമിക്കാൻ മടിയില്ലാതിരുന്ന ഇവർ കഴിഞ്ഞദിവസം കണ്ണൂരിലെ വേങ്ങാട് പഞ്ചായത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിയേയും വയോധികനായ ഒരു പൊതു പ്രവർത്തകനെയും അതിക്രൂരമായി കടന്നാക്രമിച്ച, മനസ്സു മരവിപ്പിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. അവിടെ നിന്നുയർന്ന നിലവിളികൾക്ക്, അവരേറ്റു വാങ്ങിയ അപമാനത്തിന് കേരളം നൽകിയ, ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്
വിജയാഹ്ലാദം: മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ, ഡിവൈഎഫ്ഐക്ക് മറുപടി