'കള്ളക്കടൽ പ്രതിഭാസം' തുടരുന്നു; കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത, ബീച്ച് യാത്ര വേണ്ട

Published : Apr 02, 2024, 01:33 PM IST
'കള്ളക്കടൽ പ്രതിഭാസം' തുടരുന്നു; കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത, ബീച്ച് യാത്ര വേണ്ട

Synopsis

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച രാത്രി വരെ കടലാക്രമണക്കിനും ഉയ‍ർന്ന തിരമാലകൾ രൂപംകൊള്ളാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകളുണ്ടായേക്കും. തിരമാലകളുടെ വേഗത സെക്കൻഡിൽ 5 സെന്റിമീറ്റ‍ർ മുതൽ 20 സെന്റിമീറ്ററിനിടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കേരളത്തിന് പുറമെ തെക്കൻ തമിഴ്‌നാട് തീരത്തും വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കുമുള്ള സാധ്യത അറിയിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസം തന്നെയാണ് ഇവിടെയും ഇതിന് കാരണമാവുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പിലുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ച മുതൽ കണ്ട കടൽ കയറുന്ന പ്രതിഭാസം 'കള്ളക്കടൽ' (swell surge) ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രമാണ് സ്ഥിരീകരിച്ചത്. മാർച്ച് 23ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ന്യുനമർദ്ദം രൂപപ്പെടുകയും രണ്ട് ദിവസം കഴിഞ്ഞ് ഈ ന്യുനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ  തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 11 മീറ്റർ വരെ ഉയർന്ന തിരമാലകൾ രൂപപ്പെടുകയും ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു. 

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഇത്തരം തിരകൾ രൂപപ്പെടുകയാണ് പതിവ്. അതുകൊണ്ടാണ് ഇവയെ "കള്ളക്കടൽ" എന്ന് വിളിക്കുന്നത്‌. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും, തീരത്തേക്ക് കയറാനും കാരണമാവും. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത കാണപ്പെടും. തുടർന്ന് മെല്ലെ ഇവ ദുർബലമാകാനുമുളള സാധ്യതയാണ്‌ പ്രവചിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ
പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി