
കൊച്ചി: എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും.
ശനിയാഴ്ച സ്വിഗ്ഗി കന്പനിയുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഓൺലൈൻ ഡെലിവറിക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്.
പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ 50 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരം കൂടികണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നാണ് ഇവരുടെ പരാതി. ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് സ്വിഗ്ഗി വിതരണക്കാര്‍ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒക്ടോബറിലും തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു. എന്നാല്‍ സ്വിഗ്ഗി ഉറപ്പ് പാലിച്ചില്ല. മറ്റൊരു തേർഡ് പാർട്ടി അപ്ലിക്കേഷന് സ്വിഗി ഡെലിവറി അനുമതി കൊടുത്തതും സ്വിഗി വിതരണക്കാർക്ക് തിരിച്ചടിയിട്ടുണ്ട്. നാല് കിലോമീറ്ററിന് സ്വിഗി വിതരണക്കാർക്ക് നൽകുന്നതിലും ഇരട്ടി തുക തേർഡ് പാർട്ടി അപ്ലിക്കേഷന് കൊടുക്കുന്നു എന്നും ആക്ഷേപമുണ്ട്. മഴയുള്ള സമയങ്ങളില്‍ ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്.
Read More : കുഫോസ് വി.സി നിയമനത്തിൽ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam