
തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി പാഠ്യ പദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
നീന്തൽ പഠിക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തൽക്കുളം സജ്ജമാക്കും. ലഹരിക്കെതിരെ ജനകീയ പ്രചാരണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രവേശനോത്സവ ദിവസമായ ഇന്ന് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളിൽ ആശങ്കയില്ലെന്നും പ്രതിപക്ഷ അനുകൂല സംഘടനകൾ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റൽ ക്ലാസുകളുമായി കുട്ടികളെ വരവേൽക്കാൻ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്കൂളുകൾ. മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപകരുടെ പ്രതിഷേധം നടക്കുകയാണ്.
മുൻ വർഷത്തെ പോലെ പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കൂട്ടാനുള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്. ഒന്നാം തരം മുതൽ പന്ത്രണ്ടാം തരം വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പതിറ്റാണ്ടുകൾക്ക് ശേഷം വിദ്യാഭ്യാസമേഖലയിലെ ഘടനാപരമായ മാറ്റങ്ങളോടെയാണ് ക്ലാസ് തുടങ്ങുന്നത്.
ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഡിജിഇ അഥവാ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷന് കീഴിലാണ്. ഇതടക്കമുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. സംസ്ഥാനതല-ജില്ലാതല പ്രവേശനോത്സവങ്ങൾ ഇവർ ബഹിഷ്ക്കരിക്കും.
പാഠ്യേതര പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഹയർസെക്കണ്ടറി മേഖലയിലെ അധ്യാപകർ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ സംരക്ഷണസമിതി വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. പരിഷ്കാരങ്ങൾക്കെതിരായ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam