ഇടുക്കിയിലും പന്നിപ്പനി, സ്ഥിരീകരിച്ചത് തൊടുപുഴയിലെ കരിമണ്ണൂരിലെ ഫാമിൽ; രോഗബാധിതരായ പന്നികളെ കൊന്നൊടുക്കും

By Web TeamFirst Published Nov 10, 2022, 6:44 PM IST
Highlights

പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയിൽ കശാപ്പും വിൽപ്പനയും നിരോധിച്ചു.

ഇടുക്കി: ഇടുക്കിയിയിലും ആഫ്രിക്കൻ പന്നിപ്പനി. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയിൽ കശാപ്പും വിൽപ്പനയും നിരോധിച്ചു. രോഗം ബാധിച്ച പന്നികളെ ദയാവധത്തിന് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയാണ് നാളെ കൊന്നൊടുക്കുക. കരിമണ്ണൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ്, ആലക്കോട് പഞ്ചായത്തിലെ ഒന്നാം വാർഡ്, ഇടവെട്ടി പഞ്ചായത്തിലെ ആറാം വാർഡ് എന്നിവിടങ്ങളിലെ പന്നികളെയാണ് കൊന്നൊടുക്കുന്നത്. ആകെ 276 പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നേരത്തെ കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന നിരോധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിരുന്നു. 
 

click me!