
കൊച്ചി: തൃക്കാക്കര (thrikkakkara) ഉപതെരഞ്ഞെടുപ്പിൽ (by election) മൽസരിക്കാനുളള ആഗ്രഹം പരോക്ഷമായി പറഞ്ഞ് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഡൊമനിക് പ്രസന്റേഷൻ(dominic prasentation). സഹതാപ തരംഗം കൊണ്ട് മാത്രം തൃക്കാക്കരയിൽ ജയിക്കാനാകില്ലെന്ന് ഡൊമനിക് പ്രസന്റേഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമവായങ്ങൾ നോക്കി മാത്രം സ്ഥാനാർത്ഥിയെ നിർത്തണം. പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷം തൃക്കാക്കരയിൽ യു ഡി എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മാത്രം ജയിക്കാം- ഡൊമിനിക് പറയുന്നു.
കെ.വി തോമസിനെ ഒപ്പം നിർത്താൻ നേതൃത്വം ശ്രമിക്കണം. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. ഉമ തോമസ് സ്ഥാനാർത്ഥിയാകുമോ എന്നതിൽ പ്രതികരിക്കാനില്ല. സ്ഥാനാർഥി ആരാകുമെന്നതിൽ തീരുമാനം പാർട്ടിയുടേതാണെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.
അന്ധമായ കോൺഗ്രസ് പ്രചരണത്തിനില്ല, വികസന രാഷ്ട്രീയത്തിനൊപ്പം - കെവി തോമസ്
കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൽസര സാധ്യത തള്ളാതെ കെ.വി.തോമസ്. മൽസരിക്കുമോ എന്നതിൽ കെ.വി.തോമസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.വികസന രാഷ്ട്രീയത്തിനൊപ്പമെന്ന് ആവർത്തിച്ചു. വികസനത്തിനൊപ്പമാണ് താനെന്നാണ് കെ വി തോമസ് ആവർത്തിച്ച് പറയുന്നത്.കെ റെയിൽ പോലുള്ള പദ്ധതികൾ വരണമെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ആശയ വിനിമയം നടത്തിയിട്ടില്ല. അതേസമയം എൽ ഡി എഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. എന്നാൽ കോൺഗ്രസിന് വേണ്ടി അന്ധമായ പ്രചരണത്തിനുണ്ടാകില്ല. തൃക്കാക്കരയിലേത് ജനങ്ങളുടെ തെരഞ്ഞെടുപ്പ് ആണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. ഉമ തോമസിനോട് ആദരവുണ്ട്, വ്യക്തിപരമായ ബന്ധമുണ്ട്.
പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് തന്നെയാകും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാൽ കൂടി സ്ഥാനാർഥി നിർണയ ചർച്ച നടത്തി ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് സ്ഥാനാർഥി നിർണയ യോഗം തിരുവനന്തപുരത്ത് ചേരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കെ വി തോമസ് നിലപാട് പറയുന്നത്.
പാർട്ടി നിർദേശം ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് പിണറായിയെ പുകഴ്ത്തിയ കെ വി തോമസിനെ നിലവിൽ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam