സിറോ മലബാർ സഭ വ്യാജ രേഖ കേസ്: ആദിത്യന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

By Web TeamFirst Published May 29, 2019, 7:40 AM IST
Highlights

കേസിൽ ഫാ. പോൾ തേലക്കാടിനെയും ഫാ. ആൻറണി കല്ലൂക്കാരനെയും ചോദ്യം ചെയ്യാൻ കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ആദിത്യന്‍റെ റിമാൻഡ് നീട്ടാൻ പൊലീസ് ആവശ്യപ്പെടും

കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജ രേഖ കേസിൽ പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ ആദിത്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മെയ് 19നാണ് ആദിത്യനെ കോടതി 10 ദിവസത്തേക്ക് റിമാൻ‍ഡ് ചെയ്തത്. 

മുരിങ്ങൂർ പള്ളി വികാരി ടോണി കല്ലൂക്കാരനാണ് വ്യാജ രേഖ തയ്യാറാക്കാൻ നിർദ്ദേശിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസിൽ ഫാ. പോൾ തേലക്കാടിനെയും ഫാ. ആൻറണി കല്ലൂക്കാരനെയും ചോദ്യം ചെയ്യാൻ കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ആദിത്യന്‍റെ റിമാൻഡ് നീട്ടാൻ പൊലീസ് ആവശ്യപ്പെടും.

കർദ്ദിനാളിന്‍റെ പേര് പരാമർശിക്കുന്ന രേഖ സഭാ നേതൃത്വത്തിന് രഹസ്യമായി കൈമാറുക മാത്രമാണ് തങ്ങൾ ചെയ്തത്. കേസിൽ റിമാൻഡിലുള്ള ആദിത്യനെ മർദ്ദിച്ചാണ് തങ്ങളുടെ പേര് പറയിപ്പിച്ചതെന്നും വൈദികർ മുൻകൂർ ജാമ്യാപക്ഷയിൽ പറഞ്ഞിരുന്നു. പക്ഷേ, വൈദികരുടെ നിർദ്ദേശപ്രകാരണമാണ് താൻ വ്യാജ രേഖ നിർമ്മിച്ചതെന്നായിരുന്നു ആദിത്യന്‍റെ മൊഴി.

അതേ സമയം കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതി ചേർക്കപ്പെട്ട വികാരി ടോണി കല്ലൂക്കാരൻ, മുരിങ്ങൂർ സെന്‍റ് ജോസഫ് പള്ളിയിൽ എത്തി. രാത്രി 10 മണിക്ക് എത്തിയ പള്ളി വികാരിയെ കയ്യടികളോടെയാണ് ഇടവകക്കാർ സ്വീകരിച്ചത്. 

12 ദിവസമായി പൊലീസ് അന്വേഷിച്ചിരുന്ന ആന്‍റണി കല്ലൂക്കാരൻ കോടതി നൽകിയ ഉപാധികളോടെയാണ് മുരിങ്ങൂരിൽ എത്തിയത്. ഇടവകയിലെ വിശ്വാസികളെ അദ്ദേഹം നന്ദി അറിയിച്ചു. 12 ദിവസത്തിന് ശേഷം ആദ്യമായി പള്ളിയിൽ കുർബാനയും അർപ്പിച്ചു.

click me!