സിറോ മലബാർ സഭ നിർണായക സിനഡ് മറ്റന്നാള്‍; വിമത വിഭാഗത്തിന്‍റെ ആവശ്യങ്ങൾ ചർച്ച ചെയ്യും

By Web TeamFirst Published Aug 16, 2019, 6:58 PM IST
Highlights

സിറോ മലബാർ സഭയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ മാസമാണ് ഒരു വിഭാഗം വൈദികർ കർദ്ദിനാളിനെതിരെ പ്രത്യക്ഷ സമരം നടത്തിയത്. 

കൊച്ചി: സിറോ മലബാർ സഭയുടെ നിർണായക സിനഡ് മറ്റന്നാൾ കൊച്ചിയിൽ തുടങ്ങും. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുന്നതുൾപ്പെടെ വിമത വിഭാഗം ഉന്നയിച്ച ആവശ്യങ്ങൾ യോഗം ചർച്ച ചെയ്യും. അതേ സമയം വിമത വൈദികർക്കെതിരെ സിനഡ് നടപടി എടുക്കണമെന്നാണ് കർദ്ദിനാൾ പക്ഷത്തിൻറെ ആവശ്യം.

സിറോ മലബാർ സഭയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ മാസമാണ് ഒരു വിഭാഗം വൈദികർ കർദ്ദിനാളിനെതിരെ പ്രത്യക്ഷ സമരം നടത്തിയത്. സിനഡിൽ നിർണായക തീരുമാനങ്ങൾ എടുക്കും എന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് അന്ന് വൈദികർ സമരം ആവസാനിപ്പിച്ചത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, മെത്രാൻ സിനഡിന്‍റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കുക, സസ്പെൻഡ് ചെയ്യപ്പെട്ട രണ്ടു ബിഷപ്പുമാരെയും പൂർണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് വിമതർ ഉന്നയിച്ചിരിക്കുന്നത്. 

സഭ ഭൂമി ഇടപാടിലെ അന്വേഷണ റിപ്പോർട്ടുകൾ പുറത്ത് വിടണമെന്നും ഇവർ ആവശ്യപ്പെടുന്നു.  ഇക്കാര്യങ്ങൾക്കൊപ്പം സഭയിൽ ഉയർന്നു വന്ന വ്യാജരേഖ വിവാദവും സിനഡ് ചർച്ച ചെയ്യും.  എന്നാൽ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കർദ്ദിനാളിന്‍റെ നിലപാട്.  വിമത വിഭാഗം അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രതിഷേധം അറിയിക്കാൻ വൈദികർ തെരഞ്ഞെടുത്ത മാർഗം സഭ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കർദ്ദിനാൾ കുറ്റപ്പെടുത്തിയിരുന്നു. 

വിമത വൈദികർക്കെതിരെ  സിനഡ് നടപടി എടുക്കണമെന്നാണ് കർദ്ദിനാൾ പക്ഷത്തിന്‍റെ ആവശ്യം. ഇരുവിഭാഗവും നിലപാടുകളിൽ ഉറച്ചു നിന്നാൽ സിനഡ് തീരുമാനം നിർണായകമാകും. തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് വിമത വിഭാഗത്തിന്‍റെ തീരുമാനം. വിമതർ നേതൃത്വം നൽകുന്ന അതിരൂപത സംരക്ഷണ വേദി നാളെ രാവിലെ യോഗം ചേരും. തുടർന്ന് സിനഡ് തുടങ്ങുന്ന ദിവസം വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം സിനഡ് അംഗങ്ങൾക്ക് കൈമാറും. 
 

click me!