
കണ്ണൂര്‍: തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോൽവിക്ക് കാരണം ജനങ്ങൾക്ക് പറ്റിയ തെറ്റാണെന്നാവർത്തിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ടി കെ ഗോവിന്ദന്‍ എംഎല്‍എ. സിപിഎം ഒരിക്കലും തെറ്റ് തിരുത്തിയിട്ടില്ലെന്നും നേതാക്കളുടെ സ്വാർത്ഥ താത്പര്യമാണ് പാർട്ടിയെ തകര്‍ക്കുന്നതെന്നുമായിരുന്നു ടി കെ ഗോവിന്ദന്റെ മറുപടി. അവസര വാദിയായ ടി കെ ഗോവിന്ദൻ പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്നയിരുന്നു തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി ആരോപിച്ചത്.
പയ്യന്നൂരിലേയും തളിപ്പറമ്പിലേയും ഞെട്ടി ക്കുന്ന തോൽവിയില്‍ ആഴത്തിലുള്ള പരിശോധനക്ക് ശേഷം പാര്‍ട്ടിയെ തട്ടിയുണര്‍ത്താന് രണ്ടു മണ്ഡലങ്ങളിലുമായി നാലിടത്താണ് പിണറായി വിജയനെ പങ്കെടുപ്പിച്ച് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. മറ്റു മൂന്നിടങ്ങളിലും നടന്ന വിശദീകരണയോഗങ്ങളിലേത് പോലെ അവസാന യോഗം നടന്ന തളിപ്പറമ്പിലും തെറ്റ് പറ്റിയത് ജനങ്ങള്ക്കാണെന്ന് പിണറായി ആവര്‍ത്തിച്ചു. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് കേന്ദ്ര നേതൃത്വം വരെ സമ്മതിക്കുമ്പോളായിരുന്നു പിണറായിയുടെ ഈ നിലപാട്. തളിപ്പറമ്പിൽ തെറ്റായ നിലപാട് സ്വീകരിച്ചവര്‍ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി കെ ഗോവിന്ദനെ പോലുള്ള വഞ്ചകര്‍ പാര്‍ട്ടിക്ക് പോറലേല്പ്പിക്കാന് മാത്രം വളരില്ലെന്നും പിണറായി പറഞ്ഞു.
ഒരു തെറ്റും പറ്റിയിട്ടില്ലെന്നും തങ്ങളെ പഠിപ്പിക്കാന് വരേണ്ടെന്നും പറയുന്നവർ അഹന്തയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നു ടി കെ ഗോവിന്ദന് തിരിച്ചടിച്ചു. സിപിഎമ്മിന്റെ വളർച്ച പടവലങ്ങ പോലെയാണെന്ന് ഗോവിന്ദൻ പരിഹസിച്ചു. തന്നെ തളിപ്പറമ്പിലെ ബ്രൂട്ടസെന്ന് വിളിച്ച കെ കെ രാഗേഷിനും കടുത്ത ഭാഷയില്‍ ഗോവിന്ദന് മറുപടി നല്‍കി. കോഴിക്കോട് മാവൂരില്‍ ആര്‍ എം പി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam