
ചെന്നൈ: കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികൾക്ക് കേരളത്തിലേക്ക് കടക്കാൻ പ്രത്യേക പാസ് അനുവദിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ ആയിരത്തിലധികം മത്സ്യ ബന്ധന ബോട്ടുകൾ കേരളാ തീരത്ത് മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നു. ആഗസ്റ്റ് ഒന്ന് മുതൽ മത്സ്യ ബന്ധനം പുനരാംരംഭിക്കാൻ നടപടിയുണ്ടാകണം എന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, തമിഴ്‌നാട്ടില്‍ രോഗ വ്യാപനം കൂടുതലായതിനാൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് അറിയിച്ചു. കന്യാകുമാരി ജില്ലയില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ പല ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കുമായി കേരളത്തില്‍ പതിവായെത്താറുണ്ട്. രോഗവ്യാപന സ്ഥലങ്ങളില്‍ നിന്നും ആള്‍ക്കാര്‍ എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാല്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒ.പി. തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാ ദിവസവും യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.