
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു. മെഡിസിൻ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയതിന് ശേഷം വിദഗ്ദ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്. തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യതസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയതെന്നായിരുന്നു കണ്ടെത്തൽ.
അതിനിടെ, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിർണായക പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം. എട്ടു മണിക്കൂർ നീണ്ട പരിശോധനയാണ് ഇന്നലെ നടന്നത്. ഉച്ചയ്ക്ക് 2.50 ന് ചെങ്ങന്നൂരിലെ താഴ്മൺമഠത്തിൽ എത്തിയ എസ്ഐടി സംഘം പരിശോധന രാത്രി വൈകി 10.50 ന്നാണ് പൂർത്തിയാക്കിയത്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സാമ്പത്തിക ഇടപാടുകൾ എന്നിവ സാധൂകരിക്കുന്ന തെളിവു ശേഖരണമായിരുന്നു എസ്ഐടി വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യം വച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞു. തന്ത്രിയുടെ ഭാര്യയുടെയും മകളുടെയും അടക്കം മൊഴി രേഖപ്പെടുത്തി. തന്ത്രി കണ്ഠര് രാജീവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. വസ്തു ഇടപാടുകളുടെ വിവരങ്ങളും തേടി. വീട്ടിലെ സ്വർണ ഉരുപ്പടികളിലും എസ്ഐടി വിശദമായ പരിശോധന നടത്തി. അന്വേഷണസംഘത്തിനൊപ്പം സ്വർണപ്പണിക്കാരുമുണ്ടായിരുന്നു. റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് എസ്ഐടി പറയുന്നു. കേസിൽ തന്ത്രിക്ക് കുരുക്കാകുന്ന തെളിവുകൾ വീട്ടിലെ പരിശോധനയിൽ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞോ എന്നാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam