
മലപ്പുറം: താനൂരിലെ ബോട്ടുടമയ്ക്ക് രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചെന്നാരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎൽഎ. പ്രതിക്ക് വേണ്ടി നേരത്തെയും വലിയ സമ്മർദ്ദങ്ങളുണ്ടായി. ഉയർന്ന രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കണം. ജുഡീഷ്യൽ അന്വേഷണത്തിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷിച്ച് നടപടി എടുക്കണം. പൊലീസ് ചെറിയ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഇപ്പോഴത്തെ അറസ്റ്റ് ജനാരോഷം മറക്കുന്നത് ലക്ഷ്യമിട്ട് മാത്രമാണെന്ന് വ്യക്തമാണ്. പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചേർക്കണമെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു.
ബോട്ടുടമ നാസറിനെ വൈദ്യപരിശോധനക്കെത്തിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും; സ്രാങ്കും സഹായിയും ഒളിവിൽ
കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ ഇരുപത്തിരണ്ട് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ കോഴിക്കോട്ട് നിന്നും പിടിയിലായ ഇയാളെ പൊലീസ് സംഘം മലപ്പുറത്തെ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തിരുന്നു. പ്രതിക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രതിയെ കോടതിയിലെത്തിക്കുമ്പോൾ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ വലിയ സുരക്ഷാ സന്നാഹത്തോടെയാകും പ്രതിയെ സ്ഥലത്തേക്ക് എത്തിക്കുക. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. സ്രാങ്കു ജീവനക്കാരനും ജില്ല വിട്ട് പോയില്ലെന്ന് പൊലീസ് നിഗമനം.