പി.ടി ഏഴിനെ പിടികൂടാൻ ദൗത്യസംഘവും കുങ്കികളും; യൂക്കാലി കൂടൊരുക്കി കാത്തിരുപ്പ്

By Web TeamFirst Published Jan 8, 2023, 9:16 PM IST
Highlights

ആറടി ആഴത്തിൽ മണ്ണെടുത്ത്, അതിൽ യൂക്കാലിപ്സ് മരമിട്ട്, മണ്ണിട്ട്, വെള്ളമൊഴിച്ചുറപ്പിച്ചാണ് തൂണുകൾ പാകുന്നത്. ആനയെ കൂട്ടിലിട്ടാൽ കൂട് തകർക്കാൻ ശ്രമിക്കും.

പാലക്കാട് ടസ്കർ ഏഴാമനെ (പിടി സെവൻ) പിടികൂടുന്നതിൻ്റെ ഭാഗമായുള്ള  നിരീക്ഷണം തുടരുന്നു. ധോണിയിൽ ക്യാമ്പ് ചെയ്യുന്ന ദൗത്യ സംഘത്തിനും വയനാട്ടിൽ നിന്നെത്തിയ ദൗത്യസംഘത്തിനും പുറമെ, ഒലവക്കോട്  ആർആർടിയും നിരീക്ഷണത്തിന് ഒപ്പം പോകുന്നുണ്ട്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് രണ്ട് സമയത്താണ് നിരീക്ഷണം. കൊമ്പൻ ഏഴാമൻ ഇറങ്ങുന്ന സ്ഥലം, കാടു കയറുന്ന സ്ഥലം, ഒടുവിലത്തെ പോക്കുവരവ് എന്നിവയാണ് നിരീക്ഷിക്കുന്നത്. ദൗത്യത്തിനെത്തിയ രണ്ട് കുങ്കികളെ ‌സ്ഥലം പരിചയപ്പെടുത്തുന്ന ദൗത്യവും തുടരുകയാണ്. ഞായറാഴ്ച ധോണി വനമേഖലയിലായിരുന്നു ദൗത്യം. വയനാട്ടിൽ നിന്നെത്തിച്ച ആനകൾക്ക് ധോണിവനമേഖല പരിചയപ്പെടുത്തി. ദൗത്യത്തിന് കുങ്കികളെ സജ്ജമാക്കലും പ്രധാനമാണ്. കൂടു നിർമാണവും തുടരുന്നു. 

ആറടി ആഴത്തിൽ മണ്ണെടുത്ത്, അതിൽ യൂക്കാലിപ്സ് മരമിട്ട്, മണ്ണിട്ട്, വെള്ളമൊഴിച്ചുറപ്പിച്ചാണ് തൂണുകൾ പാകുന്നത്. ആനയെ കൂട്ടിലിട്ടാൽ കൂട് തകർക്കാൻ ശ്രമിക്കും. അപ്പോൾ, തൂണുകൾ അത്രയും ബലമുള്ളതാകണം. അതിനാണ് ഈ ക്രമീകരണം. കോൺഗ്രീറ്റാട്ടാൽ അടിഭാഗം പൊട്ടിയേക്കാം, ഇതൊഴിവാക്കാനാണ്, മണ്ണിട്ട് വെള്ളമൊഴിച്ച് ബലപ്പെടുത്തുന്നത്. 140 യൂക്കാലി മരങ്ങളാണ് കൂടു നിർമാണത്തിനായി വേണ്ടത്. തൂണ് പാകി, രണ്ടു നാൾ കഴിഞ്ഞാലാണ് ഉറയ്ക്കുക. പിന്നാലെ മരങ്ങൾ ഇഴചേർത്ത് കൂടുണ്ടാക്കി തുടങ്ങും.

മയക്കുവെടി വച്ച് പിടികൂടുന്ന പി.ടി സെവൻ കാട്ടാനയെ മുത്തങ്ങയിലെ ആനപന്തിയിലെത്തിച്ച് കുങ്കിയാനയാക്കി മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി നാല് ലക്ഷം രൂപയോളം ചെലവാക്കി കൂടടക്കം സംവിധാനങ്ങൾ ഒരുക്കി. എന്നാൽ ഈ തീരുമാനം പിന്നീട് പിൻവലിച്ചു. കാട്ടാനയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പാലക്കാട് തന്നെ കൂടൊരുക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ പുതിയ ഉത്തരവ്. വേണ്ട കൂടിയാലോചനകൾ ഇല്ലാതെ പിന്നെ എന്തിനാണ് മുത്തങ്ങയിൽ കൂടൊരുക്കിയത് എന്ന ചോദ്യത്തിന് വനം വകുപ്പിന് മറുപടിയില്ല. 18 അടി ഉയരമുള്ള കൂട് നിർമ്മിക്കാനായി ദിവസങ്ങൾ നീണ്ട വനപാലകരുടെ അധ്വാനവും വെറുതെയായി.

പാലക്കാട്ടെ ദൗത്യം പൂർത്തിയാക്കി വടക്കനാട് കൊമ്പനെയും കല്ലൂർ കൊമ്പനെയും മുത്തങ്ങയിൽ തിരികെയെത്തിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇല്ലെങ്കിൽ വ്യാപക പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കാര്യങ്ങൾ പഠിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായി ഉദ്യോഗസ്ഥർക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. 

click me!