കനത്ത മഴ, കടല്‍ക്ഷോഭം, ഉലഞ്ഞ് കേരളം; പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്, ഭീതിവേണ്ടെന്ന് മുഖ്യമന്ത്രി‌‌| LIVE

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
 

11:07 PM

കനത്ത മഴ; ഇടുക്കിയില്‍ 205 ഹെക്ടര്‍ കൃഷി നശിച്ചു

ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും 205 ഹെക്ടർ കൃഷി നശിച്ചതായി പ്രാഥമിക കണക്ക്. 17 വീടുകൾ പൂർണമായും 258 വീടുകൾ ഭാഗികമായും തകർന്നു

11:07 PM

മം​ഗലൂരു ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

മം​ഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോകവേ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന്  കാണാതായ ഏഴുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യൻ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

10:14 PM

ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ ഒന്‍പത് പേരെന്ന് സ്ഥിരീകരണം

ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ ഒന്‍പതുപേര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പന്‍, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നീ ഏഴ് നാ​ഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്. ഇവരെ കണ്ടെത്താനായുള്ള തിരിച്ചിലിന് കോസ്റ്റ് ഗാർഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടു. 

9:38 PM

മലങ്കര അണക്കെട്ട് പൂ‍ർണായി നാളെ തുറക്കും

മലങ്കര അണക്കെട്ട് പൂ‍ർണ്ണമായി നാളെ തുറക്കും. ആറ് ഷട്ടറുകളും നാളെ രാവിലെ ആറ് മണിക്ക് തുറന്നുവിടും. നിലവിൽ 3 ഷട്ടറുകൾ 80 സെന്‍റിമീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ബാക്കി മൂന്ന് ഷട്ടറുകൾ നാളെ 50 സെന്‍റിമീറ്റർ വീതം ഉയർത്തും. തൊടുപുഴ, മൂവാറ്റുപുഴ ആറുകൾക്ക് ഇരുവശവുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി.

9:38 PM

പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്

തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. വെള്ളം ഒഴുക്കി വിടുന്നതിന്‍റെ പ്രാരംഭ നടപടിയുടെ ഭാഗമായാണ് ബ്ലൂ അലർട്ട്.നിലവിൽ 417 മീറ്റർ ആണ് ജലനിരപ്പ്. 419.41 ആയൽ മാത്രമാണ് ജലം പുറത്തേയ്ക്ക് ഒഴുക്കുക.

8:43 PM

മംഗളൂരുവില്‍ നിന്നുപോയ ബോട്ട് മുങ്ങി; ഏഴുപേരെ കാണാനില്ല

മംഗളൂരുവിൽ നിന്ന് പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായി പോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി. രണ്ടുപേർ ഉഡുപ്പിയിൽ തീരത്തെത്തി രക്ഷപ്പെട്ടു. ഉഡുപ്പിയിൽ കനത്ത കാറ്റിലും മഴയിലും  തകർന്ന് വീണ പോസ്റ്റിൽ നിന്നും ഷോക്കടിച്ച് 51 കാരൻ മരിച്ചു. നിരവധി പേരെ മാറ്റി പാർപ്പിച്ചു.

8:09 PM

40 കി.മി വരെ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

7:50 PM

മൂഴിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ ഉയർത്തി

പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ 30 സെൻ്റീമീറ്റർ ഉയർത്തി. പമ്പയാറിൻ്റേയും കക്കാട്ടാറിൻ്റെയും തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടത്തിൻ്റെ ജാഗ്രത നിർദേശം നല്‍കി.വൃഷ്ടിപ്രദേശത്ത് മഴ ശക്തമായാൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തും.

7:01 PM

വയനാട്ടിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ കളക്ടറേറ്റിലും ബത്തേരി മാനന്തവാടി വൈത്തിരി താലൂക്കുകളിലുമാണ് കൺട്രോൾ റൂമുകൾ തുറന്നിരിക്കുന്നത്.

6:28 PM

പ്രളയ മുന്നറിയിപ്പ്: വലിയ ഭീതി വേണ്ടെന്ന് മുഖ്യമന്ത്രി

മണിമലയാർ അച്ഛൻ കോവിലാർ എന്നിവടിങ്ങളിൽ കേന്ദ്ര ജല കമീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വലിയ ഭീതി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

6:23 PM

2 ദിവസം: കേരളത്തിൽ 145.5 മില്ലി മീറ്റർ മഴ

കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ കേരളത്തിൽ രേഖപ്പെടുത്തിയ ശരാശരി മഴ 145.5 മില്ലി മീറ്റർ ആണ്

5:22 PM

ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ കൺട്രോൾ റൂമുകൾ തുറന്നു

മഴ രൂക്ഷമായ സാഹചര്യത്തിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ: ഇരിട്ടി -.0490 2494910 ,തളിപറമ്പ്-.0460 2202569.

5:22 PM

തൃശ്ശൂരില്‍ തീരപ്രദേശങ്ങളിൽ ശക്തമായ മഴ

തൃശ്ശൂര്‍ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ. ചാവക്കാട് കൊടുങ്ങല്ലൂർ മേഖലകളിൽ 500 ഓളം വീടുകളിൽ വെള്ളം കയറി.
മൂന്ന് വീടുകൾ പൂർണ്ണമായും തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 130 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കൊടുങ്ങല്ലൂർ മേഖലയിൽ ആറു ക്യാമ്പുകൾ. എറിയാട് കൊവിഡ് സെന്‍റര്‍ തുറന്നു. ക്യാമ്പുകളിൽ എത്തുന്നവരിൽ പോസിറ്റീവ് ആയവരെ കൊവിഡ് സെന്‍ററിലേക്ക് മാറ്റി.

5:22 PM

മൂന്നാർ ഹെഡ് വർക്സ് ഡാം തുറക്കും

മൂന്നാർ ഹെഡ് വർക്സ് ഡാം തുറക്കും. മുതിരപുഴയാറിന് സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം അറിയിച്ചു.

5:22 PM

ചിത്തിരപുരത്ത് ഷോക്കേറ്റ് ഒരാൾ മരിച്ചു

ഇടുക്കി ചിത്തിരപുരത്ത് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. തിരുനൽവേലി സ്വദേശി സൗന്ദരരാജൻ (54) ആണ് മരിച്ചത്ഭാര്യവീട്ടിലെത്തിയ സൗന്ദരരാജൻ കടയിൽ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടുകയായിരുന്നു.

5:07 PM

ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി

ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. എട്ടുപേര്‍ അപകടത്തിൽപെട്ടതായി സൂചന. മുരുഗൻ തുണൈ എന്ന് പേരുള്ള തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യ ബന്ധന ബോട്ടാണ് ശക്തമായ കാറ്റിൽ മുങ്ങിയത്. ബോട്ടിൽ ഉണ്ടായിരുന്നത് നാഗപ്പാട്ടണം, ഒഡീഷ സ്വദേശികളായ നാലുപേർ വീതമാണ്.  കോസ്റ്റ്ഗാർഡ് തെരച്ചിൽ നടത്തുന്നു.

4:46 PM

കാസർകോട് പെർവാഡ് കടപ്പുറത്ത് കടൽക്ഷോഭം ശക്തം

കാസർകോട് പെർവാഡ്  കടപ്പുറത്ത് കടൽക്ഷോഭം ശക്തം. മുപ്പതോളം വീടുകളിൽ കടൽവെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാൻ നടപടി തുടങ്ങി.

4:17 PM

കാനായി മീൻകുഴി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു.

പയ്യന്നൂർ നഗരസഭ കാനായി മീൻകുഴി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു. ശക്തമായ മഴയിൽ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നതിനാലാണ് ഷട്ടർ തുറന്നത്. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത സ്ഥലം സന്ദർശിച്ചു.