
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഭീഷണി നേരിട്ട അധ്യാപകൻ ഹക്കീം വെണ്ണക്കാട്. കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മർദ്ദത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നത്. പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനെ ചോദ്യംചെയ്യാൻ പോലും തയ്യാറായിട്ടില്ലെന്ന് ഹക്കീം വെണ്ണക്കാട് പറഞ്ഞു. ഷുഹൈബ് നേരത്തെ ഭീഷണി മുഴക്കിയതായി അധ്യാപകൻ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവിട്ടിരുന്നു.
തെളിവ് നശിപ്പിക്കാൻ സമയം നൽകിയ ശേഷമാണ് എം എസ് സൊല്യൂഷൻസിൽ റെയ്ഡ് നടത്തിയതെന്നും അധ്യാപകൻ ആരോപിച്ചു. ഷുഹൈബിന് മുൻകൂർജാമ്യം കിട്ടും വരെ അറസ്റ്റ് വൈകിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. വിഷയം പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഹക്കീം പറഞ്ഞു. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ചക്കാലക്കൽ ഹൈസ്കൂൾ അധികൃതർ മുമ്പ് പരാതി നൽകിയിരുന്നു. പരാതിയിൽ തുടർ നടപടികളുണ്ടായില്ലെന്ന് കെഎസ്ടിഎ നേതാവ് കൂടിയായ ഹക്കീം പറഞ്ഞു.
കഴിഞ്ഞ ഓണപരീക്ഷയുടെ സമയത്താണ് ഷുഹൈബ് ഫോണിൽ ഭീഷണിപ്പെടുത്തിയതെന്ന് അധ്യാപകൻ ഹക്കീം പറഞ്ഞു. ഓൺലൈൻ സ്ഥാപനങ്ങൾ പ്രവചിക്കുന്ന ചോദ്യങ്ങൾ മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. അവർ ചോദ്യങ്ങൾ ചോർത്തിയാണ് കൊടുക്കുന്നതെന്ന് സംശയിച്ചിരുന്നു. എസ്എസ്എൽസി ഫൈനൽ പരീക്ഷയിൽ അവർ പറയുന്ന ചോദ്യങ്ങൾ വന്നിരുന്നില്ല. കുട്ടികളോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഷുഹൈബ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസിൽ അന്ന് പരാതി നൽകിയിരുന്നു. ഇനി ഇതൊന്നും ആവർത്തിക്കില്ലെന്ന് പറഞ്ഞതിനാൽ ഷുഹൈബിനെ താക്കീത് നൽകി വിടുകയാണ് ചെയ്തതെന്ന് ഹക്കീം പറഞ്ഞു.
അതേസമയം ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സിന്‍റെ കൊടുവള്ളിയിലെ ഓഫീസിലും ഷുഹൈബിന്‍റെ വീട്ടിലും പരിശോധന നടത്തിയിട്ടുണ്ട്. ഷുഹൈബിന്‍റെ ലാപ് ടോപ്, മൊബൈല്‍ ഫോണ്‍, ഹാർഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തു. ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പുകാരുള്‍പ്പെടെയുള്ള വലിയ സംഘം ചോദ്യ പേപ്പര്‍ ചോര്‍ച്ചക്ക് പിന്നിലുണ്ടെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ചോദ്യ പേപ്പര്‍ പ്രവചിച്ചിരുന്ന മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam