ടെക്നോപാർക്ക് മൂന്നാം ഘട്ടം: 61 ഏക്കർ ഭൂമി കൂടി നികത്താൻ അനുമതി തേടി, ഭൂരിഭാഗവും ജലാശയം

By Web TeamFirst Published Jul 27, 2020, 9:32 AM IST
Highlights

ടോറസ് ഇൻവെസ്റ്റ്മെന്‍റ് ഹോൾഡിംഗ്സിന് വേണ്ടിയാണ് ടെക്നോപാർക്ക് തണ്ണീർത്തടങ്ങൾ ഉൾപ്പെട്ട 21 ഏക്കർ നികത്താനുള്ള ഉത്തരവ് സമ്പാദിച്ചത്. 2018 ഫെബ്രുവരിയിൽ സർക്കാർ അസാധാരണ ഉത്തരവ് ഇറക്കുമ്പോഴും ജലസംരക്ഷണ മാർഗങ്ങൾ കൈകൊള്ളണമെന്ന് നിർദ്ദേശിച്ചു

തിരുവനന്തപുരം: സമീപകാലത്ത് കേരളം കണ്ട അശാസ്ത്രീയമായ വികസനമാണ് ടെക്നോപാർക്ക് മൂന്നാംഘട്ടം. ഇതുമായി ബന്ധപ്പെട്ട്, തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുമ്പോൾ ജലസംരക്ഷണത്തിനായി നടപടികൾ വേണമെന്ന ചട്ടവും അമേരിക്കൻ കമ്പനിയായ ടോറസ് പാലിച്ചില്ലെന്നാണ് വ്യക്തമാവുന്നത്. തണ്ണീർത്തടങ്ങൾ ഉൾപ്പെട്ട 61 ഏക്കർ ഭൂമി കൂടി നികത്താനും ടെക്നോപാർക്ക് അനുമതി തേടി.

ടോറസ് ഇൻവെസ്റ്റ്മെന്‍റ് ഹോൾഡിംഗ്സിന് വേണ്ടിയാണ് ടെക്നോപാർക്ക് തണ്ണീർത്തടങ്ങൾ ഉൾപ്പെട്ട 21 ഏക്കർ നികത്താനുള്ള ഉത്തരവ് സമ്പാദിച്ചത്. 2018 ഫെബ്രുവരിയിൽ സർക്കാർ അസാധാരണ ഉത്തരവ് ഇറക്കുമ്പോഴും ജലസംരക്ഷണ മാർഗങ്ങൾ കൈകൊള്ളണമെന്ന് നിർദ്ദേശിച്ചു. ഐടി വകുപ്പിന്‍റെ ബലത്തിൽ ടോറസ് ഇത് അവഗണിച്ചു. ഒൻപത് ഏക്കർ  വ്യാപിച്ച് കിടക്കുന്ന ജലാശയം നികത്തുന്നത് തടഞ്ഞുകൊണ്ട് സബ് കളക്ടർ 2018 മെയ് മാസം കളക്ടർക്ക് റിപ്പോർട്ട് നൽകി. 

ടോറസ് അനുബന്ധ കമ്പനികൾ ജലസംരക്ഷണ നടപടികൾ കൈകൊള്ളുന്നില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടികാട്ടി. കണ്‍മുന്നിൽ ചട്ടലംഘനം കണ്ടിട്ടും ടെക്നോപാർക്ക് നിലകൊണ്ടത് അമേരിക്കൻ കമ്പനിക്ക് വേണ്ടിയാണ്. ഐടി സെക്രട്ടറിയായ എം.ശിവശങ്കറിന് ടോറസ് കമ്പനി അധികൃതർ നൽകിയ അപേക്ഷയിൽ, സർക്കാർ പറഞ്ഞ രണ്ടേകാൽ ഏക്കറിൽ ജലസംരക്ഷണം ഉറപ്പാക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് പറയുന്നു. ഈ നിർദ്ദേശത്തിൽ മാറ്റം വരുത്തണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടു. ഈ പരിസ്ഥിതി ചൂഷണങ്ങളാണ് കോടതിയിലും തിരിച്ചടിയായത്.

മൂന്നാംഘട്ട വികസനത്തിനായി 21 ഏക്കറിന് പുറമെ തൊട്ടടുത്തുള്ള 61 ഏക്കർ കൂടി നികത്താൻ അനുമതി തേടിയുള്ള ടെക്നോപാർക്ക് സിഇഒയുടെ അപേക്ഷയിൽ, സപെരിഡീൻ ടെക്നോളജീസിന് കണ്ടെത്തിയ സ്ഥലത്ത് ഭൂരിഭാഗവും ജലാശയമാണ്. ഒപ്പം മൂന്ന് കമ്പനികൾക്കും അനുമതി തേടി. തണ്ണീർത്തടമല്ല കരഭൂമിയെന്നാണ് ടെക്നോപാർക്ക് വാദം. 21ഏക്കർ നികത്താൻ ഉത്തരവിറക്കി കൈപൊള്ളിയ സർക്കാർ 61 ഏക്കർ നികത്തുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സുപ്രീംകോടതി ഇടപടലോടെ ടോറസ് വെട്ടിലായി. അനുയോജ്യമായ ഭൂമിക്ക് പകരം 61 ഏക്കർ കൂടി നികത്താൻ അനുമതി നൽകിയാൽ പുതിയ നിക്ഷേപകരെയും ഭാവിയിൽ ബാധിക്കും. വളഞ്ഞ വഴികളല്ല തെളിഞ്ഞ വികസനമാണ് നാടിനാവശ്യം.

click me!