Teenage Vaccination : കൗമാരക്കാരുടെ വാക്സിനേഷൻ രണ്ടാം ദിനം; 98,084 ഡോസ് കൂടി നൽകിയതായി ആരോഗ്യവകുപ്പ്

By Web TeamFirst Published Jan 4, 2022, 7:56 PM IST
Highlights

18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 98.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 80 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

തിരുവനന്തപുരം: കൗമാരക്കാർക്കുള്ള വാക്സിനേഷൻ (Teenage Vaccination) തുടങ്ങി രണ്ടാം ദിവസം സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് വാക്‌സീന്‍(Vaccine) നല്‍കിയതായി ആരോഗ്യ വകുപ്പ്. 16,625 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 16,475 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേര്‍ക്ക് വാക്‌സിന്‍ നല്‍കി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം 8023, കൊല്ലം 8955, പത്തനംതിട്ട 4383, ആലപ്പുഴ 10,409, കോട്ടയം 3457, ഇടുക്കി 5036, എറണാകുളം 3082, തൃശൂര്‍ 16,625, പാലക്കാട് 11,098, മലപ്പുറം 2011, കോഴിക്കോട് 2034, വയനാട് 3357, കണ്ണൂര്‍ 16,475, കാസര്‍ഗോഡ് 3139 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കിയതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക്. 

കുട്ടികള്‍ക്കായി 949 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 696 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1645 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 98.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 80 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

click me!