
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ചൂട് അനുഭവപ്പെട്ടേക്കാം. ഇന്നലെ പകൽആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നിരുന്നു. കണ്ണൂരിലും കാസർകോടും പാലക്കാടുമാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്.
അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. അടുത്ത ദിവസങ്ങളിലും താപനില കൂടുതലാവാൻ തന്നെയാണ് സാധ്യതയെന്നാണ് അറിയിപ്പ്. കണ്ണൂർ എയർപോർട്ടിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കണ്ണൂർ ചെമ്പേരിയിൽ 41.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. പാലക്കാട് എരിമയൂരിൽ 40.5 ഡിഗ്രി സെൽഷ്യസും കാസർകോട് പാണത്തൂരിൽ 40.3 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. കണ്ണൂർ ആറളത്ത് 40.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പ് സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പക്ഷേ ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ മാറി നില്‍ക്കുകയാണെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam