
പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമലയിൽ (Sabarimala) താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. കോഴിക്കോട് (Calicut) ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പൊലീസ് പിടികൂടി
ഉച്ചയ്ക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ആന്ധ്രയിൽ (Andhra) നിന്നുള്ള ഒരു സംഘം അയ്യപ്പന്മാർ മാളികപ്പുറത്തേക്ക് പോകാൻ ശ്രമിച്ചു. ഇവരെ തടഞ്ഞതോടെ സംഘത്തിൽ ഒരാൾ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുക ആയിരുന്നു.
മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം വരുമാനം രണ്ട് കോടിക്കടുത്ത്
നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് ശബരിമലിയലെ രണ്ട് ദിവസത്തെ വരുമാനം. മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം മാത്രം രണ്ട് കോടിക്കടുത്തായിരുന്നു വരുമാനം. പമ്പയിലേക്ക് കെഎസ്ആർടിസി കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തി.
ഞായറാഴ്ച രാവിലെ മാത്രമാണ് വലിയ തിരക്ക് ഉണ്ടായത്. പിന്നീട് തിരക്ക് കുറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് ശേഷം രണ്ട് ദിവസമായി 90,000 പേരാണ് മല ചവിട്ടിയത്. തിരക്ക് കൂടുമെന്ന പ്രതീക്ഷയിൽ അപ്പം, അരവണ കൗണ്ടർ ഉൾപ്പടെ അധികമായി തുറന്നു. 31 ഒന്ന് തിയതികളിലെ വരുമാനമാണ് നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ. ഇതില്‍ രണ്ട് കോടി നടവരുമാനമാണ്. ബാക്കി അപ്പം അരവണവിൽപ്പയിലൂടെ കിട്ടിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായതാണ് തിരക്ക് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
മകരവിളക്ക് കൂടി ദർശിച്ച് മടങ്ങാനായി വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോർഡിന്റ പ്രതീക്ഷ. എന്നാൽ, തീർത്ഥാടകർ 12 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് നിൽക്കരുതെന്ന നിർദ്ദേശത്തിൽ ഇളവ് നൽകിയിട്ടില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ തീർത്ഥാടകരുടെ വരവ് കണക്കിലെടുത്ത് ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി കൂടുതൽ ബസ് സർവീസ് തുടങ്ങി.