കൊച്ചി അൽഖ്വയ്ദ വേട്ട; സംസ്ഥാന പൊലീസ് അറിഞ്ഞത് ഇന്നലെ രാത്രി

By Web TeamFirst Published Sep 19, 2020, 11:53 PM IST
Highlights

ഓപ്പറേഷനില്‍ കേരള പൊലീസിന്‍റെ ഭീകര വിരുദ്ധ സ്ക്വാഡും പങ്കെടുത്തു. ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് ഡിഐജി അനൂപ് ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം: കൊച്ചിയിലെ അൽഖ്വയ്ദ അറസ്റ്റിനെ കുറിച്ച് സംസ്ഥാന പൊലീസ് അറിയുന്നത് ഇന്നലെ രാത്രിയിൽ. അൽഖ്വയ്ദയുമായി ബന്ധമുള്ളവര്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരം അര്‍ദ്ധ രാത്രിയോടെയാണ് എന്‍ഐഎ കേരളാ പൊലീസിന് കൈമാറുന്നത്. ഓപ്പറേഷനില്‍ കേരള പൊലീസിന്‍റെ ഭീകര വിരുദ്ധ സ്ക്വാഡും പങ്കെടുത്തു. ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് ഡിഐജി അനൂപ് ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

അൽഖ്വയ്ദ ബന്ധത്തിന്‍റെ പേരിൽ കൊച്ചിയിൽ പിടിയിലായ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ ദില്ലി കോടതിയിലാണ് ഹാജരാക്കുക. പെരുമ്പാവൂർ, കളമശ്ശേരി മേഖലകളിൽ നിന്ന് ഇന്ന് പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ്  ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരെ ദേശീയ അന്വേഷണ ഏജൻസി നാളെ ദില്ലിയിലേക്ക് കൊണ്ടുപോകും. പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി വൈകുന്നേരത്തോടെ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

ദില്ലിയിൽ കേസ്‌ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ദില്ലിയിലാകും നടക്കുക. അതേസമയം, കൊച്ചിയിൽ പിടിയിലായ മൂന്ന് പേർക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ച് കൂടി എൻഐഎ കൊച്ചി യൂണിറ്റ് അന്വേഷണം തുടരുന്നുണ്ട്.

Also Read: എറണാകുളത്ത് നിന്ന് മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികളെ പിടികൂടിയതായി എൻഐഎ

click me!