തലശ്ശേരി സദാചാര ആക്രമണം; പൊലീസിന് വീഴ‍്‍ച പറ്റിയില്ലെന്ന് റിപ്പോർട്ട്

By Web TeamFirst Published Jul 16, 2022, 2:31 PM IST
Highlights

സ്റ്റേഷനിലെ സി സി ടി വിയിൽ പൊലീസ് പ്രത്യുഷിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇല്ല. കടൽ പാലത്ത് വെച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസ് ഉണ്ടായിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു.

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സദാചാര പൊലീസ് ആക്രമണം നടന്നതായുള്ള പരാതിയില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് തലശേരി എ സിയുടെ റിപ്പോർട്ട്. സ്റ്റേഷനിലെ സി സി ടി വിയിൽ പൊലീസ് പ്രത്യുഷിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇല്ല. കടൽ പാലത്ത് വെച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസ് ഉണ്ടായിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും അതിന് ശേഷവും ഉള്ളത് ഒരേ മുറിവാണെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസ് മർദിച്ചുവെന്നാണ് പ്രത്യുഷ് ആരോപിച്ചിരുന്നത്. റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ ഡി ഐ ജിയ്ക്ക് കൈമാറി.

കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.

Also Read: 'പൊലീസ് വീണ്ടും അപമാനിക്കുന്നു' പൊലീസിന്‍റെ സദാചാര അതിക്രമത്തിനിരയായ പ്രത്യുഷിൻ്റെ ഭാര്യ മേഘ പറയുന്നു

അതേസമയം, തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തിൽ നിര്‍ണായക മെഡിക്കൽ രേഖകൾ  കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. 

പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ  പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. പൊലീസ് അകാരണമായി മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. 

click me!