
തൃശൂർ: നാടിനെ നടുക്കിയ തളിക്കുളം ഹഷിത വധക്കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി കണ്ടെത്തി. മജിസ്ട്രേറ്റ് എൻ. വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിധി നാളെ ഉണ്ടാകും.
2022 ആഗസ്റ്റ് 20 വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 19 ദിവസം മാത്രം ആയ സമയത്താണ് ബന്ധുക്കളുമായി ഹഷിതയുടെ വീട്ടിലെത്തിയ മുഹമ്മദ് ആസിഫ് മുറിയിൽ കടന്ന് ബാഗിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വെട്ടിയത്. ശബ്ദം കേട്ട് ഓടിച്ചെന്ന ഹഷിതയുടെ ബാപ്പ നൂറുദ്ദീനെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അതിനു ശേഷം കടപ്പുറത്ത് കൂടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ആദ്യഘട്ടത്തിൽ പ്രതി കടലിൽ ചാടി എന്ന നിഗമനം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പ്രതി കടന്നു കളഞ്ഞതാണെന്ന് പൊലീസിന് വ്യക്തമായി. 50 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. അന്നത്തെ കൊടുങ്ങല്ലൂർ എസിപി ആയിരുന്ന സലീഷ് ശങ്കരൻ കേസന്വേഷണവുമായി ബന്ധപ്പെട്ട് സംഭവം നടന്ന വീട്ടിലെത്തിയപ്പോൾ കുടുംബാംഗങ്ങൾ പൊലീസ് ഉദ്യോഗസ്ഥനോട് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങിച്ച് കൊടുക്കണം എന്ന് വൈകാരികമായി പറഞ്ഞിരുന്നു. കേസിൽ 58 സാക്ഷികളെയും 97 രേഖകളും 27 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയുടെ ശിക്ഷാവിധി നാളെ ഉണ്ടാകും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam