
കോഴിക്കോട്: തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക് ചോര ഒഴുക്കാനും അറിയാമെന്ന മുന്നറിയിപ്പുമായി താരമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. മലമ്പനിയോടും മലപാമ്പിനോടും തോൽക്കാത്തവർ ബഫർ സോൺ വിഷയത്തിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച ജനജാഗ്രത യാത്രയുടെ സമാപനത്തിലായിരുന്നു ബിഷപ്പിന്‍റെ പരാമർശം. സർക്കാരിനെതിരെ പരസ്യപോർമുഖം തുറന്നിരിക്കുകയാണ് സഭ നേതൃത്വം.
കോഴിക്കോടിന്‍റെ മലയോര മേഖലയിൽ സംഘടിപ്പിച്ച ജനജാഗ്രത യാത്രകളിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. സഭാ പിന്തുണയോടെ കേരള കർഷക അതിജീവന സംയുക്ത സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ടിലെ ആശയക്കുഴപ്പം നീക്കി സ്ഥല പരിശോധന അടക്കം നടത്തണം. സംസ്ഥാന സർക്കാരിന്‍റെ ഇതുവരെയുള്ള നീക്കങ്ങൾ സംശയകരമെന്നും സഭാ നേതൃത്വം കുറപ്പെടുത്തുന്നു.