
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിലെ ആക്രമണത്തിലും തീവെപ്പിലും അട്ടിമറി ആരോപണവുമായി സമര സമിതി. കേസിൽ അറസ്റ്റിലായ മഞ്ചേരി സ്വദേശി സൈഫുള്ളയെ അറിയില്ലെന്നും ഇയാൾ എന്തിനാണ് എത്തിയതെന്ന് അന്വേഷിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. പ്രദേശം സന്ദർശിച്ച യുഡിഎഫ് പ്രതിനിധി സംഘം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനകീയ സമരത്തെ തുടർന്നും പിന്തുണക്കുമെന്നും യുഡിഎഫ് സംഘം വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് വാവാട് സ്വദേശി ഷഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവുടെ എണ്ണം ആറായി.
മഞ്ചേരി പുൽപറ്റ സ്വദേശി സൈഫുള്ളയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതിഷേധ സമരം നടന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഇയാൾ, പൊലീസിനെ അക്രമിച്ചെന്നാണ് കേസ്. പ്രദേശ വാസികളാണ് സമരം നടത്തിയതെന്നും സൈഫുള്ളയെ അറിയില്ലെന്നുമാണ് സമര സമിതി ചെയര്‍മാൻ ബാബു കുടുക്കിൽ വ്യക്തമാക്കുന്നത്. പ്രദേശം സന്ദർശിച്ച യുഡിഎഫ് പ്രതിനിധി സംഘം സമരത്തെ തുടർന്നും പിന്തുണക്കുമെന്ന് വ്യക്തമാക്കി. പൊലീസും ഫ്രഷ് കട്ട് ഉടമകളും സിപിഎമ്മും ചേർന്ന് സമരത്തെ അട്ടിമറിച്ചെന്നും അതാണ് ആക്രമണത്തിന് കാരണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍കുമാറും മുസ്ലിം ലീഗ് നേതാവ് എംഎ റസാഖ് മാസ്റ്ററും പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ച സർവ കക്ഷി യോഗം ബുധനാഴ്ച ചേരും. അതിന് മുമ്പ് ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും റിപ്പോർട്ട് നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam