
പത്തനംതിട്ട: ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്ന് തന്ത്രി കണ്ഠര് രാജീവര്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിലും അടിമുടി ദുരൂഹതയെന്ന് കണ്ടെത്തൽ. നിലവിലുള്ള സ്വർണ കോട്ടിങ് ഇളക്കി വീണ്ടും ചെയ്യാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തൽ എട്ട് ദിവസത്തിനകം തിരുത്തിയതായി കണ്ടെത്തി. സന്നിധാനത്ത് വെച്ച് പരമ്പരാഗത രീതിയിൽ സ്വർണം പൂശാം എന്ന ഉത്തരവ് ആണ് തിരുത്തിയത്. 2025 ജൂലൈ 30ന് എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ ഇ മെയിൽ ആണ് ദുരൂഹമായി പിൻവലിച്ചത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ചർച്ചയക്ക് പിന്നാലെ ആയിരുന്നു മലക്കം മറിച്ചിൽ ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam